പകിട്ട് കുറയാതെ പൂരം എക്സിബിഷൻ; ജനത്തിക്കേറി പ്രദർശന നഗരി!

Monday 18 May 2026 12:56 AM IST

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന്റെ പകിട്ടിന് അൽപ്പമൊന്ന് മങ്ങലേറ്റെങ്കിലും, നഗരഹൃദയത്തിൽ നടക്കുന്ന പൂരം എക്‌സിബിഷൻ വർണാഭമായി മുന്നേറുന്നു. നിറങ്ങളും ശബ്ദവും നിറഞ്ഞ പ്രദർശന നഗരിയിൽ അവധിദിനമായ ഇന്നലെയും വൻ ജനത്തിരക്കാണ്. കൗതുകമാർന്ന ഗൃഹോപകരണങ്ങളും പഴയകാല മിഠായികളും ഉൾപ്പെടെ വൈവിദ്ധ്യമാർന്ന കാഴ്ചകളാണ് സ്റ്റാളുകളിലുള്ളത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ വ്യാപാരികളും അവരുടെ വസ്തുക്കളും എക്‌സ്‌പോയിലുണ്ട്. 180 ഓളം സ്റ്റാളുകളാണ് ഇക്കുറിയുള്ളത്. ഗുജറാത്തി, പഞ്ചാബി, ഖാദി തുടങ്ങി തൃശൂരിന്റെ സ്വന്തം കുത്താമ്പുള്ളി കൈത്തറി വരെ നിറഞ്ഞ വസ്ത്രശാലകൾ. സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കുന്ന കോസ്‌മെറ്റിക്‌സ്, ഫാൻസി സ്റ്റാളുകൾ, പുസ്തകങ്ങൾ, വിത്തും തൈകളും, കുടുംബശ്രീ ഉത്പന്നങ്ങൾ തുടങ്ങിയ സ്റ്റാളുകൾക്ക് മുൻപിൽ വൻതിരക്കാണ്.

ചരിത്രസ്‌നേഹികളുടെ ശ്രദ്ധയാകർഷിക്കുന്നതാണ് ചോള, മുഗൾ സാമ്രാജ്യങ്ങളുടെ നാണയശേഖരവും അലങ്കാര വസ്തുക്കളും. മത്സ്യകന്യകയുള്ള അക്വേറിയം കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ഇടമായി മാറുന്നുണ്ട്. ഡോം തിയേറ്റർ, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ ഫുഡ് സ്റ്റാളുകൾ എന്നിവയും എക്‌സ്‌പോ സജീവമാക്കുന്നു.

വിനോദത്തിനപ്പുറം

കേരള പൊലീസ്, എക്‌സൈസ്, ജില്ലാ പഞ്ചായത്ത്, കൃഷി, വെറ്ററിനറി, മെഡിക്കൽ വിഭാഗങ്ങൾ തുടങ്ങിയ സർക്കാർ സ്റ്റാളുകൾ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങളും വിവരങ്ങളും നൽകുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ സ്റ്റാൾ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്.

കാലാവസ്ഥ അനുയോജ്യമാണെങ്കിൽ എക്‌സ്‌പോ മേയ് 31 വരെ ഉണ്ടായിരിക്കും.

എം. ജയചന്ദ്രൻ, പൂരം എക്‌സിബിഷൻ പ്രസിഡന്റ്