'ആരെയും ഇറക്കിവിടാൻ അനുവദിക്കില്ല'; മലയിടം തുരുത്തിലെ കുടുംബങ്ങൾക്ക് പിന്തുണയുമായി എംവി ഗോവിന്ദൻ

Monday 25 May 2026 11:27 AM IST

കൊച്ചി: മലയിടം തുരുത്തിലെ പൊലീസ് നടപടിയിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മണിക്കൂറുകൾക്കകം തന്നെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായ കടന്നാക്രമണം നടത്തിയെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.

മലയിടം തുരുത്തിൽ പൊലീസ് ശ്രമിച്ചത് മുത്തങ്ങ സമരത്തിന് സമാനമായ മറ്റൊരു മിനി പതിപ്പ് സൃഷ്ടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ട കുടുംബങ്ങളെ ഇറക്കിവിടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പറഞ്ഞു. മലയിടം തുരുത്ത് സന്ദ‌‌ർശിച്ച അദ്ദേഹം ദുരിതബാധിതരായ കുടുംബങ്ങളെ നേരിൽ കണ്ട് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

സാമ്പത്തിക ശേഷിയുള്ള ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി കോടതി വിധിയെ മറയാക്കിയാണ് പൊലീസ് ഈ ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് വീടില്ലാത്തവർക്ക് വീടും, പട്ടയമില്ലാത്തവർക്ക് പട്ടയവും നൽകി ജനങ്ങളെ ചേർത്തുപിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.