60 ദിവസത്തിനകം പുതിയ ജോലി കണ്ടത്തണം, ഇല്ലെങ്കില്‍ രാജ്യം വിടണം; പ്രവാസികള്‍ക്ക് കിട്ടിയ 'പണി'

Thursday 21 May 2026 8:23 PM IST

ടെക് മേഖലയിലെ പ്രതിസന്ധിയും അനുബന്ധമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പിരിച്ചുവിടല്‍ പ്രക്രിയയും അമേരിക്കയിലെ പ്രവാസ സമൂഹത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. അമേരിക്കയുടെ ടെക് ലോകത്തിന്റെ നട്ടെല്ലായ ഇന്ത്യക്കാരെ ഉള്‍പ്പെടെ ഒരു ദയയുമില്ലാതെ പിരിച്ചുവിടുകയാണ് കമ്പനികള്‍. ഇങ്ങനെയൊരു സാഹചര്യം എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം എന്ന് നിരവധിപേര്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തവര്‍ക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയുമാണ്.

മെറ്റ, ആമസോണ്‍, ലിങ്ക്ഡ്ഇന്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഒറാക്കിള്‍ തുടങ്ങി വന്‍കിട കമ്പനികളെല്ലാം ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. ഇത്രയും അധികം ആളുകളെ പിരിച്ചുവിടുന്നതിനാല്‍ പുതിയൊരു ജോലി കണ്ടെത്തുക അത്ര എളുപ്പമല്ല. 60 ദിവസത്തിനകം പുതിയ ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ രാജ്യം വിടേണ്ടി വരും. അവിടെയാണ് ഈ സാഹചര്യം വെറുമൊരു പിരിച്ചുവിടല്‍ മാത്രമല്ലാതാകുന്നത്.

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യന്‍ ടെക് പ്രൊഫഷണലുകളും എച്ച്-1ബി വിസയിലാണ് അവിടെ കഴിയുന്നത്. ഈ വിസകള്‍ പൂര്‍ണമായും അവരെ ജോലിക്ക് നിയമിച്ചിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ ഇമിഗ്രേഷന്‍ നിയമപ്രകാരം, ജോലി നഷ്ടപ്പെടുന്നയാള്‍ക്ക് പുതിയൊരു ജോലി കണ്ടെത്താനോ വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറുള്ള മറ്റൊരു തൊഴിലുടമയെ കണ്ടെത്താനോ 60 ദിവസത്തെ സമയപരിധി മാത്രമാണ് ലഭിക്കുക. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ രാജ്യം വിട്ട് പോകുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.

വന്‍കിട കമ്പനികളിലെ ജോലിയെ ആശ്രയിച്ച് അമേരിക്കയില്‍ വീട് ഉള്‍പ്പെടെ സ്വന്തമായി വാങ്ങിയവരും അവിടെ കുട്ടികളെ പഠിപ്പിക്കുകയും നാട്ടില്‍ നിന്ന് മാതാപിതാക്കളെ അങ്ങോട്ട് എത്തിക്കുകയും ചെയ്തവര്‍ വരെയുണ്ട്. അമേരിക്കയില്‍ വച്ച് കുട്ടികള്‍ ജനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരും തൊഴില്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷത്തിലധികം പ്രവാസികള്‍ക്കാണ് അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.