ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണത്തിന് ആനുകൂല്യ പെരുമഴ

Saturday 29 March 2025 12:34 AM IST

ഉത്പാദന ബന്ധിത ആനുകൂല്യമായി കമ്പനികൾക്ക് 22,919 കോടി നൽകും

ന്യൂഡൽഹി: ഇലക്ട്രോണിക്‌സ് ഘടക ഭാഗങ്ങളുടെ ആഭ്യന്തര ഉത്പാദനം ശക്തമാക്കുന്നതിനായി 22,919 കോടി രൂപയുടെ ഉത്പാദന ബന്ധിത ആനൂകൂല്യ(പി.എൽ.ഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇലക്ട്രോണിക്സ് കമ്പോണന്റ് നിർമ്മാണ മേഖലയിലെ ആഗോള, ആഭ്യന്തര മുൻനിര കമ്പനികളുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ആഭ്യന്തര വിപണിയിൽ മൂല്യവർദ്ധന മെച്ചപ്പെടുത്തി ഇലക്ട്രോണിക്സ് ഘടക ഭാഗ വ്യവസായ രംഗത്തെ ആഗോള ഹബായി ഇന്ത്യയെ ഇതിലൂടെ മാറ്റാനാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

പുതിയ പദ്ധതിയിലൂടെ 59,350 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 4.46 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ 91,600 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനാകുമെന്നും കണക്കാക്കുന്നു. പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണ രംഗത്ത് പ്രതിവർഷം ശരാശരി 17 ശതമാനം വളർച്ചയാണുണ്ടായത്. 2014-15 സാമ്പത്തിക വർഷത്തിൽ 1.9 ലക്ഷം കോടി രൂപയുടെ ഇലകട്രോണിക്സ് ഉത്പന്നങ്ങളാണ് ഇന്ത്യയിൽ നിർമ്മിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉത്പാദനം 9.52 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു.