ആയുർവേദിക് ഗമ്മികളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല
കൊച്ചി: പരമ്പരാഗത ഔഷധക്കൂട്ടുകളെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് പുതിയ 'ആയുർവേദിക് ഗമ്മികളുമായി' കോട്ടയ്ക്കൽ ആര്യവൈദ്യശാല. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ദഹനേന്ദ്രീയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമായി 'ഡൈജി പ്ലസ്', ബുദ്ധിശക്തി, ഓർമ്മശക്തി, സംസാരശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനായി 'ബ്രഹ്മി പ്ലസ്' എന്നീ ഗമ്മികളുമായാണ് പുതിയ ചുവടുവയ്പ്പ്. പുതിയ ഉത്പനങ്ങൾ ഇന്ന് വൈകിട്ട് നാലിന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിപണിയിലിറക്കും. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ എല്ലാ ബ്രാഞ്ചുകളിലും ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാകുമെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പി.എം. വാര്യർ, സി.ഇ.ഒ കെ. ഹരികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചീഫ് ആർ ആൻഡ് ഡി എ.അരുൺ, ചീഫ് മാനേജർ (മാർക്കറ്റിംഗ്) പി. വേണുഗോപാൽ എന്നിവരും പങ്കെടുത്തു.