SignIn
Kerala Kaumudi Online
Sunday, 17 May 2026 12.42 AM IST

പോക്‌സോ കേസിൽ ലുക്ക്ഔട്ട് നോട്ടീസ്; പൊലീസിന് മുന്നിൽ കീഴടങ്ങി കേന്ദ്ര മന്ത്രിയുടെ മകൻ

bageerath

ഹൈദരാബാദ്: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേന്ദ്ര മന്ത്രിയുടെ മകൻ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി എംപിയുമായ ബണ്ഡി സഞ്ജയ് കുമാറിന്റെ മകൻ ബണ്ഡി സായ് ഭഗീരഥ് (25) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 8-നാണ് ഭഗീരഥിനെതിരെ പൊലീസ് കേസെടുത്തത്. ആദ്യം പീഡനക്കുറ്റം ചുമത്തിയിരുന്നെങ്കിലും പിന്നീട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ കൂടി കേസിൽ കൂട്ടിച്ചേർക്കുകയായിരുന്നു.

2025 ജൂണിൽ സുഹൃത്തുക്കൾ വഴിയാണ് ഭഗീരഥ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഒക്ടോബറിനും ഡിസംബറിനുമിടയിൽ നാല് തവണ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത് അതിക്രമം കാണിച്ചുവെന്നാണ് അമ്മ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രതി രാജ്യം വിട്ടുപോകുന്നത് തടയാൻ ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തെലങ്കാന ഹൈക്കോടതി ഇടക്കാല ആശ്വാസം നൽകാൻ വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

മകന്റെ അറസ്റ്റിന് പിന്നാലെ ബണ്ഡി സഞ്ജയ് എക്സിലൂടെ പ്രതികരണവുമായി രംഗത്തെത്തി. സ്വന്തം മകനായാലും സാധാരണ പൗരനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് കേന്ദ്ര മന്ത്രി എക്സിൽ കുറിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് സാക്ഷികളെ സ്വാധീനിക്കാനും ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനും കാരണമാകുമെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു.

അതേസമയം, ഈ കേസ് ഒരു ഹണിട്രാപ്പ് ആണെന്നും പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് ഭഗീരഥ് വാദിക്കുന്നത്. പെൺകുട്ടിയും കുടുംബവും തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് താൻ മുൻപ് പൊലീസിനെ സമീപിച്ചിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു. പ്രതിപക്ഷ പാർട്ടികൾ പരത്തുന്ന വ്യാജപ്രചാരണമാണിതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രമന്ത്രിയും വ്യക്തമാക്കി. ഭഗീരഥിന്റെ മുൻകൂർ ജാമ്യാപേക്ഷ മേയ് 21ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ARREST, POSCO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360