മഴയില്‍ നിക്ഷേപിച്ച് പണം സമ്പാദിക്കാം; പദ്ധതി ഇങ്ങനെ
മഴയുടെ അവധി വ്യാപാരവുമായി എന്‍.സി.ഡി.എക്‌സ്
കൊച്ചി: ഓഹരികള്‍ പോലെ മുംബയിലെ മഴ കണക്കുകളില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാവുന്ന അവധി വ്യാപാര കരാറുകള്‍ക്ക് കാര്‍ഷിക കമ്പോള എക്സ്ചേഞ്ചായ നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ് എക്സ്‌ചേഞ്ച് (എന്‍.സി.ഡി.എക്സ്) തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യ കാലാവസ്ഥാ അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഡെറിവേറ്റീവ് കോണ്‍ട്രാക്റ്റായ മുംബയ് റെയിനിലാണ് നിക്ഷേപ അവസരം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐ.എം.ഡി) കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് കോണ്‍ട്രാക്റ്റ് തയ്യാറാക്കുക.
നൂറ്റാണ്ടുകളായി കാര്‍ഷിക, ധനകാര്യ മേഖലകളെ നേരിട്ട് ബാധിക്കുന്ന കാലവര്‍ഷ അനിശ്ചിതത്വങ്ങളിലെ നഷ്ട സാദ്ധ്യത മറികടക്കാന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുംബയ് റെയിന്‍ അവസരമൊരുക്കുമെന്ന് എന്‍.സി.ഡി.എക്സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ രാസ്തേ പറഞ്ഞു.
മഴ ലഭ്യതയിലെ ചാഞ്ചാട്ടം മൂലമുള്ള നഷ്ടം മറികടക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിലാണ് കോണ്‍ട്രാക്റ്റിന് രൂപം നല്‍കിയിട്ടുള്ളത്. കോണ്‍ട്രാക്റ്റുകള്‍ ക്യാഷ് സെറ്റില്‍ഡാണ്. മണ്‍സൂണ്‍ സീസണിലെ ദീര്‍ഘകാല ശരാശരി മഴപ്പെയ്ത്തും യഥാര്‍ത്ഥത്തിലുള്ള മഴലഭ്യതയിലെ വ്യതിയാനവും കണക്കിലെടുത്ത് കോണ്‍ട്രാക്റ്റുകള്‍ ഒപ്പുവയ്ക്കാം. ജൂണ്‍, ജൂലായ്, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ കോണ്‍ട്രാക്റ്റുകള്‍ മാത്രമാണ് വ്യാപാരത്തിനെത്തുക.