SignIn
Kerala Kaumudi Online
Thursday, 21 May 2026 1.30 PM IST

എബോള വൈറസ് വ്യാപനം; മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം, വാക്‌സിൻ തയ്യാറാക്കാൻ ഒമ്പത് മാസം

airport

ഡൽഹി: എബോള വ്യാപനത്തെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർക്കും അതുവഴി യാത്രചെയ്യുന്നവർക്കുമാണ് മുന്നറിയിപ്പ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യവിദഗ്ദ്ധരെ സമീപിക്കണമെന്നാണ് നിർദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇന്നലെ നടത്തിയ ഉന്നതതല യോഗത്തിനുപിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

എബോള വൈറസിനെ നേരിടുന്നതിനായി രാജ്യത്തെ ആരോഗ്യമേഖല സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും പ്രതിരോധസംവിധാനങ്ങളും യോഗത്തിൽ വിലയിരുത്തി. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോളവൈറസ് പകരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ആഫ്രിക്കയിലെ ഡിആർസിയിൽ റിപ്പോർട്ട് ചെയ്‌ത എബോള വൈറസ് ദ്രുതഗതിയിൽ വ്യാപിക്കുന്നതിൽ ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എബോളയുടെ അത്യപൂർവ്വ വകഭേദമായ ബൂൻഡിബിഗോ ആണ് കോംഗോയിൽ പടരുന്നത്. വാക്‌സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. ഈ വകഭേദത്തിനെതിരെ വാക്‌സിൻ തയ്യാറാക്കാൻ ഒമ്പത് മാസമെങ്കിലും എടുത്തേക്കാമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

നിലവിൽ രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെയും അവയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഉപദേഷ്‌ടാവായ ഡോ വാസി മൂർത്തി പറഞ്ഞു. ഇതിനകം എബോളയുടെ പുതിയ വ്യാപനം മൂലം 139 മരണങ്ങൾ സ്ഥിരീകരിച്ചെന്നും സംശയിക്കപ്പെടുന്ന രോഗികളുടെ നിരക്ക് 600 കടന്നെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്‌ടർ ജനറൽ ജനറൽ ഡോ.ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. വൈറസ് കണ്ടെത്താൻ വൈകിയതിനാൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാൻ ഇടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NEWS, WHO, WARNING, EBOLA, VIRUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360