ഇ.വി വിപണിയിൽ ആവേശമേറുന്നു

Sunday 24 May 2026 12:34 AM IST

പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഉപഭോക്താക്കൾ

കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികൾ തുടർച്ചയായി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചതോടെ രാജ്യത്തെ വൈദ്യുതി വാഹന(ഇ.വി) വിപണിയിൽ ആവേശമേറുന്നു. പത്ത് ദിവസത്തിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് അഞ്ച് രൂപയ്ക്കടുത്ത് കൂടിയതോടെ ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് താത്പര്യം പ്രകടിപ്പിക്കുകയാണ്. നാല് മാസത്തിന് ശേഷവും യുദ്ധം തുടരുന്നതിനാൽ ഇന്ധന വിലയിൽ ഉടനെയൊന്നും ആശ്വാസമുണ്ടാകില്ലെന്ന വിലയിരുത്തൽ ശക്തമാണ്.

ഫോസിൽ ഇന്ധനത്തിന്റെ ആശ്രയത്വം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പുതിയ നയം തയ്യാറാക്കുന്നതും വിപണിക്ക് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. കേന്ദ്ര പൊതുമേഖല കമ്പനികൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളോട് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കി ഇ.വിയിലേക്ക് മാറാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

റെക്കാഡ് വിൽപ്പന

കഴിഞ്ഞ മാസം രാജ്യത്തെ ഇ.വി വാഹന വിൽപ്പന റെക്കാഡ് ഉയരത്തിലെത്തി. വാഹന വിപണിയിലെ കണക്കുകളനുസരിച്ച് ഏപ്രിലിൽ ഇ.വി വിൽപ്പന മുൻവർഷം ഇതേകാലയളവിനേക്കാൾ 75 ശതമാനം വർദ്ധനയോടെ 23,506 യൂണിറ്റുകളായി. ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് വൈദ്യുത വാഹന വിപണിക്ക് കരുത്ത് പകരുന്നത്.