SignIn
Kerala Kaumudi Online
Saturday, 23 May 2026 8.53 PM IST

ബാറ്റിംഗ് മറന്നു,​ ബൗളിംഗ് തകർന്നു; സിഎസ്കെയെ രക്ഷിക്കാൻ ഇനി 'തല' തന്നെ വരണം, സൂചനയുമായി ആർ. അശ്വിൻ

ashwin-ms-dhoni

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സിന് പുതിയ പരിശീലകനെ കണ്ടെത്തുക എളുപ്പമായിരിക്കുമെന്ന് മുൻ താരം ആർ അശ്വിൻ. എംഎസ് ധോണിയാണ് ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനെന്നും അദ്ദേഹം പറയുന്നു. നിലവിലെ കോച്ച് സ്റ്റീഫൻ ഫ്‌ളെമിംഗിനെ മാറ്റാൻ സിഎസ്‌കെ തീരുമാനിച്ചാൽ ധോണിയെ പരിശീലകനാക്കണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ അശ്വിൻ തമാശരൂപേണ കുറിച്ചത്.

സിഎസ്‌കെയുടെ മുഖമുദ്രയായ ധോണി അഞ്ച് തവണയാണ് ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത്. ധോണി ഐപിഎല്ലിൽ നിന്ന് ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പരിക്ക് കാരണം സീസണിലെ ഒരൊറ്റ മത്സരത്തിൽ പോലും അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം കൊണ്ട് അദ്ദേഹം വിരമിക്കുമോ ഇല്ലയൊ എന്നിങ്ങനെയുള്ള ചർച്ചകൾക്കും തുടക്കമിട്ടിരുന്നു.

2009ൽ കെപ്ലർ വെസൽസിന് പകരക്കാരനായാണ് മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്‌ളെമിംഗ് സിഎസ്‌കെയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ വർഷം കിരീടം നേടാനായില്ലെങ്കിലും, തൊട്ടടുത്ത വർഷം (2010) ടീമിനെ ചാമ്പ്യന്മാരാക്കി ഫ്‌ളെമിംഗ് തുടർച്ചയായ രണ്ട് കിരീട വിജയങ്ങൾക്ക് അടിത്തറയിട്ടു. പിന്നീട് 2018 മുതൽ 2023 വരെയുള്ള ആറ് വർഷത്തിനിടയിൽ മൂന്ന് കിരീടങ്ങൾ നേടിയതാണ് ഫ്‌ളെമിംഗിന് കീഴിൽ ചെന്നൈ കണ്ട ഏറ്റവും നല്ല സുവർണകാലഘട്ടം.

ms-dhoni

ട്വന്റി-20 ക്രിക്കറ്റിൽ മറ്റ് ടീമുകളെല്ലാം പവർ ഹിറ്റിംഗിലും വമ്പൻ സ്‌കോറുകൾ കണ്ടെത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ചെന്നൈയുടെ തന്ത്രങ്ങൾ ഇപ്പോഴും ഐപിഎല്ലിന്റെ തുടക്ക കാലത്തേത് പോലെയാണെന്ന വിമർശനം ശക്തമാണ്. ഇത് നിലവിലെ പരിശീലകൻ മുന്നോട്ടുവയ്ക്കുന്ന തന്ത്രങ്ങളുടെ പോരായ്മയാണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

മുൻപ് രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, ഡാരിൽ മിച്ചൽ തുടങ്ങിയ താരങ്ങളെ ട്വന്റി-20ക്ക് അനുയോജ്യമായി ഉപയോഗിക്കാൻ ചെന്നൈക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ ക്യാപ്ടൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത് ചെന്നൈയുടെ ടോപ്പ് ഓർഡറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നുണ്ട്.

പർപ്പിൾ ക്യാപിൽ രണ്ടാം സ്ഥാനത്തെത്തിയ നൂർ അഹമ്മദും മികച്ച പ്രകടനം പുറത്തെടുക്കുന്ന അൻഷുൽ കംബോജും ടീമിലുണ്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസിനെയോ ലക്നൗസൂപ്പർ ജയന്റ്സിനെയോ പോലെ ഒത്തൊരുമയുള്ള ഒരു ബൗളിംഗ് യൂണിറ്റാകാൻ ചെന്നൈക്ക് സാധിച്ചിട്ടില്ല. ബാറ്റിംഗിലും ബൗളിംഗിലും വ്യക്തമായ തന്ത്രങ്ങളില്ലാത്തതിന്റെ അഭാവം കഴിഞ്ഞ മൂന്ന് സീസണുകളിലും പ്രകടമായിരുന്നു. ഇതിനെ തുടർന്നാണ് ടീമിൽ വലിയൊരു മാറ്റം അനിവാര്യമാണെന്ന ചിന്തയിലേക്ക് ഫ്രാഞ്ചൈസിയെ എത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, R ASHWIN, MSDHONI, CSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360