സീറോ ഫുട്ട്മാർക്‌സ് പദ്ധതിയുമായി ഇന്ത്യാസ് വി.കെ.സി

Thursday 28 May 2026 12:57 AM IST

കൊച്ചി: ഉപയോഗിച്ച ഷൂസുകളും ചെരുപ്പുകളും ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനായി ശേഖരിച്ച് ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാൻ നവീന പദ്ധതിക്ക് രാജ്യത്തെ പ്രമുഖ പാദരക്ഷ നിർമ്മാതാക്കളായ ഇന്ത്യാസ് വി.കെ.സി തുടക്കമിട്ടു. 'സീറോ ഫൂട്ട്‌മാർക്‌സ്' എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചൻ നിർവഹിച്ചു. ചടങ്ങിൽ ഇന്ത്യാസ് വി.കെ.സി മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക്, ഡയറക്‌ടർ വി. റഫീഖ് എന്നിവർ പങ്കെടുത്തു. ഉപയോഗിച്ച ചെരുപ്പുകൾ ഓൺലൈനിലൂടെ ശേഖരിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്.

www.zerofootmarks.com വെബ്‌സൈറ്റ് മുഖേ ഓൺലൈനായി ഓർഡർ ചെയ്യുന്ന പുതിയ പാദരക്ഷകളുടെ ഡെലിവറി സമയത്ത് പഴയവ കൈമാറാൻ ഉപഭോക്താക്കൾക്ക് കഴിയും.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ വി.കെ.സി ചെയർമാൻ വി.കെ.സി മമ്മദ്‌കോയ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത പൈലറ്റ് പദ്ധതിക്ക് വിപുലമായ സ്വീകാര്യത ലഭിച്ചതാണ് സീറോ ഫൂട്ട്‌മാർക്‌സ് വ്യാപിപ്പിക്കാൻ പ്രേരകമായത്. മാലിന്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് വി.കെ.സി റസാക്ക് പറഞ്ഞു.