വികസന പദ്ധതികളിൽ ബാങ്കുകൾ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലും ബാങ്കുകളുടെ സഹകരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 18 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസുമായി കേരളത്തിൽ ബാങ്കുകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. .നിക്ഷേപം 10.62ലക്ഷംകോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയായും ഉയർന്നു. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും സാങ്കേതിക പുരോഗതിയും മനുഷ്യ വികസനവും സമന്വയിപ്പിക്കുന്ന 'പുതുയുഗകേരളമാണ്' സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി തയ്യാറാക്കിയിട്ടുള്ള 27ഏവിയേഷൻ പദ്ധതികളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. വിദേശ സർവകലാശാലകളും കോർപ്പറേറ്റ് ഗ്രൂപ്പുകളുമായും സഹകരിച്ച് വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങളുണ്ടാകും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സ്ഥാപിക്കും.
സംസ്ഥാനത്ത് 10,000 പുതിയ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശയിൽ ധനസഹായവും സാങ്കേതിക പിന്തുണയും ഉറപ്പാക്കും. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും.ഈ പദ്ധതികളിൽ ബാങ്കുകളുടെ മികച്ച സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കനറാ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ അദ്ധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, എസ്.എൽ.ബി.സി കൺവീനറും കനറാ ബാങ്ക് ജനറൽ മാനേജറുമായ വി.എസ്. സന്തോഷ്, റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ പ്രവീൺകുമാർ വസന്തരാമചന്ദ്ര,നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.