ചരിത്ര കുതിപ്പ് തുടർന്ന് യു.പി.ഐ

Tuesday 02 June 2026 12:43 AM IST

കൊച്ചി: യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്(യു.പി.ഐ) ഇടപാടുകളുടെ മൂല്യം മേയിൽ മൂന്ന് ശതമാനം വർദ്ധനയോടെ 29.90 ലക്ഷം കോടി രൂപയിലെത്തി റെക്കാഡിട്ടു. ഇടപാടുകളുടെ എണ്ണം ഇക്കാലയളവിൽ നാല് ശതമാനം ഉയർന്ന് 2,235 കോടിയായി. 2016 ഏപ്രിലിൽ യു.പി.ഐ ആരംഭിച്ചതിന് ശേഷംരേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഇടപാടുകളും മൂല്യവുമാണിത്.

ജി.എസ്.ടി സമാഹരണത്തിലും മുന്നേറ്റം

മേയിൽ രാജ്യത്തെ ചരക്കു സേവന നികുതി(ജി.എസ്.ടി) വരുമാനം 3.2 ശതമാനം ഉയർന്ന് 1.94 ലക്ഷം കോടി രൂപയിലെത്തി. ആഗോള അനിശ്ചിതത്വങ്ങൾക്കിടെയിലും ആഭ്യന്തര ഉപഭോഗ ഉണർവാണ് കരുത്തായത്. മുൻവർഷം മേയിൽ ജി.എസ്.ടി വരുമാനം 1.88 ലക്ഷം കോടി രൂപയായിരുന്നു. ആഭ്യന്തര ഇടപാടുകളിലെ കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി വിഹിതം 37,397 കോടി രൂപയാണ്. സംസ്ഥാന സർക്കാരുകളുടെ നികുതി വിഹിതം 45,143 കോടി രൂപയും സംയോജിത വിഹിതം 51,990 കോടി രൂപയുമായി.

കാർ വിൽപ്പന ടോപ്പ് ഗിയറിൽ

ഇന്ധന വിലയിലുണ്ടായ കുതിപ്പ് അവഗണിച്ച് ഇന്ത്യൻ ഉപഭോക്താക്കൾ വാങ്ങൽ ശക്തമാക്കിയതോടെ മേയിൽ രാജ്യത്തെ കാർ വിൽപ്പന മികച്ച വളർച്ച നേടി. രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുക്കി 2,42,688 യൂണിറ്റ് വാഹനങ്ങളുടെ റെക്കാഡ് വിൽപ്പന നേടി. മുൻവർഷം ഇതേകാലയളവിലെ 1.88 ലക്ഷം വാഹനങ്ങളേക്കാൾ വിൽപ്പനയിൽ 34.8 ശതമാനം വർദ്ധനയുണ്ട്. ആഭ്യന്തര വിപണിയിൽ 1,90,337 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കയറ്റുമതി 41,914 വാഹനങ്ങളാണ്. കിയ, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളും മികച്ച പ്രകടനം കാഴ്ചവെച്ചു.