പെട്രോളിന് എട്ട് രൂപ കൂട്ടി, വില ഇനിയും കൂടും? പ്രതിദിനം നഷ്ടം 600 കോടി
വില ഇനിയും കൂട്ടിയേക്കും
കൊച്ചി: പതിനൊന്ന് ദിവസത്തിനിടെ നാല് തവണയായി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് എട്ടു രൂപയിലധികം വര്‍ദ്ധിപ്പിച്ചിട്ടും പൊതുമേഖല എണ്ണക്കമ്പനികളുടെ വില്‍പ്പന നഷ്ടം ഒഴിയുന്നില്ല. രാജ്യാന്തര വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും കണക്കിലെടുത്താല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ലിറ്ററിന് പത്ത് രൂപയിലധികം ഇനിയും കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ക്രൂഡ് വില ഇരട്ടിയിലധികം ഉയര്‍ന്നതാണ് വെല്ലുവിളി.
കഴിഞ്ഞ ദിവസങ്ങളിലെ വര്‍ദ്ധനയ്ക്ക് ശേഷവും പെട്രോള്‍, ഡീസല്‍ എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയില്‍ വില്‍ക്കുന്നതിലൂടെ പ്രതിദിനം 600 കോടി രൂപയുടെ നഷ്ടം കമ്പനികള്‍ക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഗോള തലത്തില്‍ പെട്രോളിന് 22 ശതമാനവും ഡീസലിന് 27 ശതമാനവും വില നാല് മാസത്തിനിടെ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ എട്ട് ശതമാനം വര്‍ദ്ധന മാത്രമാണുണ്ടായത്. മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ പത്ത് ശതമാനം കുറച്ചതോടെ കേന്ദ്ര സര്‍ക്കാരിന് 14,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ട്.
കുത്തനെ ഇടിഞ്ഞ് ക്രൂഡോയില്‍ വില
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ധാരണയിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇന്നലെ നിലംപൊത്തി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 6.5 ഡോളര്‍ കുറഞ്ഞ് 97 ഡോളറിലെത്തി. ഡബ്ള്യു.ടി.ഐ ക്രൂഡ് വില ആറ് ശതമാനം ഇടിഞ്ഞ് ബാരലിന് 90 ഡോളറായി. ഹോര്‍മുസ് ഇടനാഴി തുറയ്ക്കാന്‍ സാദ്ധ്യതയേറിയതോടെ നിക്ഷേപകര്‍ ഓഹരി, സ്വര്‍ണം എന്നിവയിലേക്ക് പണം മാറ്റി.
കരുത്താര്‍ജിച്ച് രൂപ
യുദ്ധ ഭീതി ഒഴിഞ്ഞതോടെ ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചു. കയറ്റുമതിക്കാര്‍ ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ചതോടെ രൂപ ഇന്നലെ 35 പൈസ നേട്ടത്തോടെ 95.25ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് നേട്ടമായി. ദീര്‍ഘ കാലത്തിന് ശേഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തി.
ക്രൂഡോയില്‍ വില ബാരലിന് 6.5 ശതമാനം കുറഞ്ഞ് 95 ഡോളറില്‍
രൂപ@95.25