ജോർജിയ മെലോനിയ്ക്കൊപ്പം റോമിലെ കാഴ്ചകൾ കണ്ട് മോദി; ചിത്രങ്ങൾ വെെറൽ

Wednesday 20 May 2026 10:05 AM IST

റോം: ചൊവ്വാഴ്ച റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. മോദിക്കൊപ്പമുള്ള ചിത്രവും ജോർജിയ എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. 'എന്റെ സുഹൃത്തിന്, റോമിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് ജോർജിയ ചിത്രങ്ങൾ പങ്കുവച്ചത്. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജോർജിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മോദിയും പങ്കുവച്ചിട്ടുണ്ട്. 'പ്രധാനമന്ത്രി ജോർജിയ മെലോനിയെ കാണാനും പ്രശസ്തമായ കൊളോസിയം സന്ദർശിക്കാനും അവസരം ലഭിച്ചു. വിവിധ വിഷങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഇന്ത്യ - ഇറ്റലി സൗഹൃദം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് ചർച്ച നടത്തി'- മോദി എക്സിൽ കുറിച്ചു.

സമുദ്രഗതാഗതം, കൃഷി, ഉന്നത വിദ്യാഭ്യാസം, ധാതുക്കൾ, മ്യൂസിയം സഹകരണം, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകളിൽ ഒപ്പുവയ്ക്കും എന്നാണ് റിപ്പോർട്ട്. 2029-ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോ ആയി ഉയർത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.