അറഫ സംഗമം ഇന്ന്

Tuesday 26 May 2026 2:21 AM IST

മക്ക: ഹജ്ജ് തീർത്ഥാടനത്തിലെ സുപ്രധാനമായ അറഫ സംഗമത്തിന് ഇന്ന് പുണ്യഭൂമി സാക്ഷ്യം വഹിക്കും. 20 ലക്ഷത്തോളം വരുന്ന തീർത്ഥാടകർ സംഗമിക്കുന്നതോടെ അറഫ മൈതാനി അക്ഷരാർത്ഥത്തിൽ തൂവെള്ളക്കടലാവും. 1,75,025 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയത്.

ഹജ്ജിന്റെ ആത്മാവായാണ് അറഫ അറിയപ്പെടുന്നത്. ഉച്ചയ്ക്ക് മുന്നോടിയായി അറഫയിലേക്ക് എത്താത്ത തീർത്ഥാടകർക്ക് ഹജ്ജ് നഷ്ടപ്പെടുന്നതിന് തുല്യമാണ്. ഒരുപകലും രാത്രിയും മിനായിൽ സംഗമിച്ച തീർത്ഥാടകർ ഇന്ന് പുലർച്ചയോടെ അറഫ ലക്ഷ്യമാക്കി നീങ്ങും. മഷാഇർ മെട്രോ വഴിയോ ബസ് മാർഗമോ ആണ് യാത്ര. ളുഹർ നമസ്‌കാരശേഷം മസ്ജിദുന്നമറയിലെ അറഫ പ്രഭാഷണത്തോടെ സംഗമത്തിന് തുടക്കമാവും. പ്രവാചകൻ മുഹമ്മദ് നബിയുടെ വിട വാങ്ങൽ പ്രസംഗത്തിന്റെ സ്മരണ പുതുക്കിയാണ് അറഫ സംഗമം നടക്കുന്നത്. സൂര്യാസ്ത്മയം വരെ അറഫയിൽ ചെലവഴിക്കുന്ന തീർത്ഥാടകർ ശേഷം വാഹനമാർഗം മുസ്ദലിഫയിലേക്ക് നീങ്ങും.

പെരുന്നാൾ ദിനമായ ബുധനാഴ്ച പുലർച്ചെയോടെ തീർത്ഥാടകർ ജംറയിലേക്ക് നീങ്ങും. ഇവിടെയുള്ള പിശാചിന്റെ പ്രതീകമായ സ്തൂപത്തിന് നേരെ കല്ലുകളെറിയും. തുടർന്ന് മുടി മുറിക്കലും ബലികർമ്മവും പൂർത്തിയാക്കി ഇഹ്രാം (ശുഭ്രവസ്ത്രം) ഒഴിവാകുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് അർദ്ധ വിരാമമാകും. കഅ്ബയെ വലം വയ്ക്കൽ, സഫാ-മർവ കുന്നുകൾക്കിടയിലെ പ്രയാണം എന്നിവ ബുധനാഴ്ച പൂർത്തിയാക്കും. വ്യാഴവും വെള്ളിയും ശനിയും മിനായിലെ തമ്പുകളിൽ കഴിഞ്ഞ് ജംറ കല്ലേറ് കർമ്മം നടത്തും. ശനിയാഴ്ച ഹജ്ജിന് പൂർണ വിരാമമാവും.