പ്രവാസികൾക്ക് ആശ്വാസം; ഇന്ന് സമാധാനമായി പുറത്തിറങ്ങാം, അതികഠിനമായ ചൂട് കുറയും
ഷാർജ: യുഎഇയിൽ ഇന്ന് അനുകൂലമായ കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. അബുദാബിയിൽ ഇന്ന് താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഇന്നലെ ഇത് 41 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അബുദാബിയിൽ ഇന്നലത്തെ താപനില ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ദുബായിൽ ഇന്ന് 38 ഡിഗ്രി സെൽഷ്യസ് ആണ് താപനില. ഇന്നലത്തെ അപേക്ഷിച്ച് ഇവിടെ താപനിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ദുബായിൽ ഇന്ന് രാത്രി താപനില 28 ഡിഗ്രി സെൽഷ്യസ് ആയി കുറയും.
അതേസമയം, ഷാർജയിൽ ഇന്ന് 40 ഡിഗ്രി സെൽഷ്യസ് ആണ് താപനില. ഇവിടെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ തെക്ക് പടിഞ്ഞാറ് നിന്നും വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് പത്ത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാമെന്നും അറിയിപ്പുണ്ട്. ചില സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.