
ന്യൂഡൽഹി: സിബിഎസ്ഇയുടെ പുനർമൂല്യനിർണയത്തിനുള്ള സൈറ്റ് ഇതുവരെ പ്രവർത്തന ക്ഷമമായില്ല. ഇന്നുമുതൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്നാണ് സിബിഎസ്ഇ ഔദ്യാഗികമായി അറിയിച്ചിരുന്നത്. ഉത്തരക്കടലാസിന്റെ പകർപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് മാർക്ക് പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അപേക്ഷ സമർപ്പിക്കുന്നതിനായുള്ള പോർട്ടലാണ് ഇന്നും പ്രവർത്തനസജ്ജമാകാത്തത്. മാർക്ക് പരിശോധിക്കുന്നതിന് 100 രൂപയും മാർക്ക് തിരുത്തുന്നതിന് ഒരു ചോദ്യത്തിന് 25 രൂപയുമാണ് വിദ്യാർത്ഥികൾ നൽകേണ്ടത്.
നീറ്റ്,സിബിഎസ്ഇ പരീക്ഷകളിലെ പിഴവിൽ പാർലമെന്ററി സമിതി ഇന്ന് മൊഴി രേഖപ്പെടുത്തും. ഇതിനിടെ, പന്ത്രണ്ടാം ക്ലാസ് ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനായുള്ള ടെൻഡർ പ്രക്രിയയിൽ വ്യാപകമായ അഴിമതി നടന്നുവെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് സർക്കാരിനും സിബിഎസ്ഇക്കുമെതിരെ ആക്രമണം ശക്തമാക്കി. പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതെന്ന കണ്ടെത്തലുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. 18.5 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന ആശങ്കകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതായി അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വിദ്യാർത്ഥികളുമായി സംവദിക്കുന്ന വീഡിയോയിലൂടെയാണ് പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ടെൻഡർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായുമാണ് അദ്ദേഹം ആരോപിക്കുന്നത്. ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാണ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |