ബംഗാളിലും ഓപ്പറേഷൻ താമര? തൃണമൂൽ എംഎൽഎമാരും എംപിമാരും കൂട്ടത്തോടെ പാർട്ടിവിടുമെന്ന് ബിജെപി നേതാവ്

Wednesday 27 May 2026 11:26 AM IST

കൊൽക്കത്ത: ബംഗാളിൽ 50 തൃണമൂൽ എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ തയ്യാറെന്ന് അറിയിച്ചതായി ബിജെപി എംപി സൗമിത്ര ഖാൻ. ഇവരെ ബിജെപി സ്വീകരിക്കാൻ തയ്യാറായാൽ തൃണമൂൽ കോൺഗ്രസ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

'ബിജെപി കേന്ദ്ര നേതൃത്വം ഒരു വാക്കുമൂളിയാൽ തൃണമൂൽ കോൺഗ്രസ് ഇല്ലാതാകും. അവരുടെ പാട്ടിയിലെ എല്ലാവരും ബിജെപിയിലേക്ക് വരാൻ തയ്യാറാണ്. ഏകദേശം 50 എംഎൽഎമാരും 20 എംപിമാരും അവരുടെ പാർട്ടിയിൽ അതൃപ്‌തരാണ്.

തൃണൂൽ ദേശീയ സെക്രട്ടറി അഭിഷേക് ബാനർജി പാപിയാണ്. അയാൾക്ക് ജയിലിൽ പോകേണ്ടിവരും. 2021ൽ അയാൾ ബിജെപി പ്രവർത്തകരുടെ വീടുകൾ പൊളിച്ചുമാറ്റി. അഭിഷേക് ഉടൻതന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അവർ നരകത്തിലേക്ക് പോകേണ്ടിവരും' - സൗമിത്ര ഖാൻ പറഞ്ഞു.

എന്നാൽ, സൗമിത്ര ഖാന്റെ അവകാശവാദങ്ങൾ തൃണമൂൽ എംപി സൗഗത റോയ് തള്ളി. സൗമിത്ര ഖാൻ പറഞ്ഞത് പൂർണമായും തെറ്റാണെന്നും ബിജെപി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സൗഗത റോയ് വ്യക്തമാക്കി.