ബി.ജെ.പി വാഗ്ദാനങ്ങൾ വീണ്ടും: അപകടമെന്ന് കേജ്‌രിവാൾ
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സൗജന്യങ്ങളുടെ രാഷ്ട്രീയം കത്തിക്കയറുകയാണ്. ബി.ജെ.പി ഇന്നലെ പുറത്തിറക്കിയ സങ്കൽപ് പത്രയുടെ ( പ്രകടനപത്രിക ) രണ്ടാം എഡിഷനിൽ യുവജനങ്ങളെയും വിദ്യാർത്ഥികളെയും പിന്നാക്ക വിഭാഗത്തെയും കൂടെ നിർറുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാൽ യു.പി.എസ്.സി, സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 15,000 രൂപ ഒറ്രത്തവണ സാമ്പത്തിക സഹായം നൽകും. അർഹരായ വിദ്യാർത്ഥികൾക്ക് കിന്റർ ഗാർഡൻ മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. ഐ.ടി.ഐ- പോളിടെക്‌നിക് എന്നിവിടങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് മാസം 1000 രൂപ സ്റ്റൈപ്പൻഡും വാഗ്ദാനം ചെയ്‌തു. ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഭരണത്തിലെത്തിയാൽ ആംആദ്മി സർക്കാരിന്റെ അഴിമതികളും ക്രമക്കേടും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ സന്നിഹിതനായിരുന്നു. നിർണായക വോട്ടുബാങ്കായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു പ്രകടന പത്രികയുടെ ആദ്യ എഡിഷൻ.
രാജ്യത്തിന് അപകടം
ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ ഡൽഹിക്കും രാജ്യത്തിനും അപകടകരമെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യരംഗം എന്നിവയ്‌ക്ക് ഭീഷണിയാണ്. ബി.ജെ.പിക്ക് ഭരണം ലഭിച്ചാൽ സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും നിറുത്തലാക്കും. സർക്കാർ സ്‌കൂളുകളിലെ സൗജന്യ വിദ്യാഭ്യാസം അർഹരായവർക്ക് മാത്രം നൽകുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും കൂട്ടിച്ചേർത്തു.
ആം ആദ്മി കൗൺസിലർമാർ
ബി.ജെ.പിയിൽ
തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ, രണ്ട് കൗൺസിലർമാർ അടക്കം ആം ആദ്മിയിലെ നാല് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. ഭജൻപുര കൗൺസിലർ രേഖാ റാണി, ഖയാല കൗൺസിലർ ശിൽപ കൗർ, നേതാക്കളായ ശ്രീദത്ത് ശർമ്മ, ചൗധരി വിജേന്ദ്ര എന്നിവരാണ് ആംആദ്മി പാർട്ടി വിട്ടത്.