ഹൈക്കോടതിയെ സമീപിച്ച് മമത സർക്കാർ കൊടുംക്രൂരതയ്ക്ക് വധശിക്ഷ നൽകണം
ന്യൂഡൽഹി : കൊൽക്കത്തയിൽ ജൂനിയർ വനിതാ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിധിക്കെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് ബംഗാൾ സർക്കാർ. ജീവപര്യന്തം കഠിനതടവും പിഴയും മാത്രം വിധിച്ച തിങ്കളാഴ്ചത്തെ സിയാൽദ സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചത്. പ്രതി സഞ്ജോയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. സംഭവം നടന്ന ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അധികൃതരുടെയും കൊൽക്കത്ത പൊലീസിന്റെയും വീഴ്ചകളെ ശിക്ഷാവിധിയിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഡോക്ടർമാരുടെ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, സർക്കാർ നീക്കം മുഖംരക്ഷിക്കലിന്റെ ഭാഗമാണെന്ന് ആരോപണമുയർന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടുതലൊന്നും ചെയ്യേണ്ട കാര്യമില്ലെന്ന് ഇരയുടെ മാതാപിതാക്കൾ രോഷം പ്രകടിപ്പിച്ചു. ഒട്ടേറെ കാര്യങ്ങൾ മമത പറയുന്നുണ്ട്. എന്നാൽ, തെളിവുകൾ നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതികരിച്ചു. അപ്പീൽ സമർപ്പിക്കുന്ന കാര്യം അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ഇന്നലെ കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചപ്പോൾ അനുമതി നൽകുകയായിരുന്നു.
ജനത്തിൽ നിന്ന്
ഒളിപ്പിക്കാൻ ശ്രമിച്ചു
സംഭവമറിഞ്ഞ ആദ്യ മണിക്കൂറുകളിൽ തന്നെ കൊൽക്കത്ത പൊലീസ് ബുദ്ധിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര സങ്കീർണമാകുമായിരുന്നില്ലെന്ന് 172 പേജുള്ള വിധിന്യായത്തിൽ സെഷൻസ് ജഡ്ജി അനിർബൻ ദാസ് വ്യക്തമാക്കിയത് മമത സർക്കാരിനെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ ദിവസം വിധി പകർപ്പ് പുറത്തുവന്നു. കൊൽക്കത്ത പൊലീസിന് കീഴിലെ സിവിക് വോളന്റിയറായിരുന്നു പ്രതി സഞ്ജോയ് റോയ്. തുടക്കം മുതൽ ഉദാസീന മനോഭാവമായിരുന്നു തലാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക്. പൊലീസ് ഉദ്യോഗസ്ഥരുടെ ലാളനയേറ്റു വളർന്നയാളാണ് പ്രതി. കേസ് രജിസ്റ്റർ ചെയ്യിപ്പിക്കാൻ ഇരയുടെ മാതാപിതാക്കൾക്ക് നെട്ടോട്ടമോടേണ്ടി വന്നു. ആത്മഹത്യയാണെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അധികൃതർ പൊലീസിനെയും ഇരയുടെ അച്ഛനെയും അറിയിച്ചത്. സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതം മറികടക്കാനായിരുന്നു ഇത്. എന്നാൽ, ഡോക്ടർമാരുടെ സമരം കാരണം ആ നീക്കം വിലപോയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജ് അധികൃതരുടെ നടപടികളെ വിധിയിൽ അപലപിച്ചു.
വധശിക്ഷ
നൽകാത്തത്
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയല്ല പ്രതി നടപ്പാക്കിയത്. പെട്ടെന്നുള്ള പ്രവൃത്തിയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി വ്യക്തമാക്കി. ആധുനിക നീതിയുടെ ഇന്നത്തെ കാലഘട്ടത്തിൽ കണ്ണിനു കണ്ണ്, പല്ലിനു പല്ല്, ജീവന് ജീവൻ എന്ന പ്രാകൃത സഹജാവബോധത്തിൽ നിന്ന് ഉയരണം. പ്രതികാരം ചെയ്യാനുള്ള കഴിവിൽ അല്ല, നവീകരണത്തിന് അവസരം നൽകുന്നതിലാകണം പുരോഗമന സമൂഹത്തിന്റെ മാനദണ്ഡം. പൊതുവികാരത്തിന് മുന്നിൽ കോടതികൾ കീഴ്പ്പെടരുത്. പകരം നീതിയുടെ വിശാലതാത്പര്യങ്ങൾ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിക്കണമെന്നും കൂട്ടിച്ചേർത്തു.