കൊച്ചി മോഡൽ വാട്ടർ മെട്രോ: ഇന്ത്യയിലെ 18 നഗരങ്ങളിലേക്കും

Wednesday 20 May 2026 11:56 PM IST

ന്യൂഡൽഹി: കൊച്ചി മാതൃകയിൽ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വാട്ടർ മെട്രോ വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോദ്ധ്യ അടക്കം 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ആദ്യഘട്ടത്തിൽ ഗുവാഹത്തി, ശ്രീനഗർ, പാട്ന, വാരാണസി, അയോദ്ധ്യ, പ്രയാഗ് രാജ് എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. രണ്ടാംഘട്ടത്തിൽ അസാമിലെ ദിസ്പൂരിലും ദിബ്രുഗഡിലും പദ്ധതി നടപ്പിലാക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി 18 നഗരങ്ങളിൽ സാദ്ധ്യത പഠനം നടത്താൻ ഇൻലാൻഡ് വാട്ടർവേഴ്സ് അതോറിട്ടി ഒഫ് ഇന്ത്യ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്തെ ഉൾനാടൻ ജലപാതകളെ കാര്യക്ഷമമായ നഗര ഗതാഗത ഇടനാഴികളാക്കി മാറ്റുന്നതിനും ജലസമൃദ്ധമായ നഗരങ്ങളിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനുമാണ് ഈ വിപുലീകരണമെന്ന് അധികൃതർ പറഞ്ഞു.

കൊച്ചിയിൽ 2023 ഏപ്രിൽ 26നാണ് വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചത്. മൂന്നുവർഷത്തിനുള്ളിൽ 65 ലക്ഷം യാത്രക്കാർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 7000 ആണ്.