ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്, വിവിധ മേഖലകളിൽ സഹകരണം

Thursday 21 May 2026 12:30 AM IST

ന്യൂഡൽഹി: ഇന്ത്യ-ഇറ്റലി ബന്ധത്തെ പുതിയ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താനും വിവിധ മേഖലകളിലുള്ള സഹകരണം വികസിപ്പിക്കാനും ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണയായത്.

തന്ത്രപരമായ സഹകരണം ലക്ഷ്യമിടുന്ന 'പ്രവർത്തന പദ്ധതി 2025-29 ന്റെ പുരോഗതി വിലയിരുത്താൻ വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ നേതാക്കളുടെയും മന്ത്രിമാരുടെയും പതിവ് യോഗങ്ങൾ നടത്തും. 2029 ഓടെ 2000 കോടി യൂറോയുടെ ഉഭയകക്ഷി വ്യാപാരം കൈവരിക്കാനുള്ള വഴികളും ചർച്ചയായി.

സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, നിക്ഷേപ ഫണ്ടുകൾ, വെഞ്ച്വർ ക്യാപിറ്റൽ, ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ സഹകരണം വർദ്ധിപ്പിക്കും.

പ്രതിരോധമേഖലയ്‌ക്ക് ഊന്നൽ നൽകി നിർണായക ധാതുക്കളുടെ മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും.

കൃഷി, കാർഷിക ഗവേഷണ മേഖലയിലും സഹകരണം.

സമുദ്ര ഗതാഗതം വർദ്ധിപ്പിക്കാൻ ധാരണ.

ഫിൻടെക്, ഹെൽത്ത്കെയർ, സെമികണ്ടക്ടറുകൾ, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിനുകൾ, അഗ്രിടെക്, എനർജി, ക്വാണ്ടം കംപ്യൂട്ടിംഗ്, എ.ഐ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയിൽ നൂതനാശയ കേന്ദ്രം- ഇന്നോവിറ്റ് രൂപീകരിക്കും.

പ്രതിരോധ മേഖലയിലും

സഹകരണം

 ഹെലികോപ്റ്ററുകൾ, നാവിക പ്ലാറ്റ്‌ഫോമുകൾ, സമുദ്ര ആയുധങ്ങൾ, ഇലക്ട്രോണിക് യുദ്ധം എന്നിവയ്‌ക്കായുള്ള പ്രതിരോധ മേഖലയിലെ സാങ്കേതിക സഹകരണം വർദ്ധിപ്പിക്കും. സഹ-ഉൽപ്പാദനം, സഹ-വികസന പദ്ധതികൾ എന്നിവ ലക്ഷ്യമിട്ട് പ്രത്യക റോഡ് മാപ്പ്. സംയുക്ത അഭ്യാസങ്ങളും സൈനികാഭ്യാസങ്ങളും പ്രോത്സാഹിപ്പിക്കും. സമുദ്ര സുരക്ഷയെക്കുറിച്ച് പ്രത്യേക ചർച്ച തുടങ്ങും.

 സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ രഹസ്യ വിവരങ്ങൾ കൈമാറാൻ ഇറ്റാലിയൻ ഗാർഡിയ ഡി ഫിനാൻസയും ഇ.ഡിയും തമ്മിൽ ധാരണ.

 വിദ്യാർത്ഥികൾ, ഗവേഷകർ, വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ യാത്രകൾ എളുപ്പമാക്കും. നൈപുണ്യ വികസനത്തിലെ സഹകരണം വികസിപ്പിക്കും.

 ഇറ്റാലിയൻ സർവകലാശാലകളിൽ ചേരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതിയായ ഐ.സി.ഐ - ഇറ്റലി ഇന്ത്യയെ വിളിക്കുന്നു.