ട്രെയിനിലെ തീപിടിത്തം അട്ടിമറിയെന്ന് ഇന്ത്യൻ റെയിൽവേ, സാമൂഹിക വിരുദ്ധർക്കും പങ്ക്, പെട്രോളിൽ മുക്കിയ തുണി കണ്ടെത്തി

Thursday 21 May 2026 12:31 AM IST

ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെ നടന്ന ട്രെയിൻ തീപിടിത്തങ്ങൾക്ക് കാരണം അട്ടിമറിയെന്ന് ഇന്ത്യൻ റെയിൽവേ. തീപിടിത്തങ്ങൾ ആകസ്മികമല്ലെന്നും പിന്നിൽ വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തിച്ച സാമൂഹിക വിരുദ്ധരുടെ പങ്കു​ണ്ടെന്നും ഇന്ത്യൻ റെയിൽവേ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അടുത്തിടെ രാജസ്ഥാനിലെ അമർപുരയിലും കോട്ട, ബീഹാറിലെ സസാറാം, ബംഗാളിലെ ഹൗറ എന്നിവിടങ്ങളിൽ ട്രെയിനിൽ തീപിടുത്തമുണ്ടായത് സാധാരണ ഷോർട്ട് സർക്യൂട്ടോ സാങ്കേതിക തകരാറുകളോ അല്ലെന്നാണ് റെയിൽവേ നൽകുന്ന സൂചന.

രാജസ്ഥാനിലെ അമർപുര സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ ലിനൻ കത്തിച്ചതിനെ തുടർന്നാണ് ട്രെയിനിൽ തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ഹൗറയിൽ ട്രെയിനിന്റെ ബാത്ത്റൂമിൽനിന്ന് പെട്രോളിൽ മുക്കിയ തുണി കണ്ടെടുത്തു. കോട്ടയിൽ രാജധാനി എക്‌സ്‌പ്രസ് ട്രെയിനിലും തീജ്വാലകൾ ആദ്യം ഉയർന്നത് ടോയ്‍ലെറ്റിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം-ഡൽഹി രാജധാനി എക്സപ്രസിലായിരുന്നു സംഭവം.

അന്വേഷണത്തിന്

കേന്ദ്ര ഏജൻസി

തുടർച്ചയായി ട്രെയിൻ തീപിടിത്തത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന്യം നൽകുന്നതെന്ന് ആവർത്തിച്ച റെയിൽവേ യാത്രക്കാർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ആവശ്യപ്പെട്ടു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 139 എന്ന നമ്പറിൽ വിളിക്കാനും നിർദ്ദേശം നൽകി.