ഡൽഹിയിൽ കെട്ടിടം തകർന്ന് 6 മരണം, പത്ത് പേർക്ക് പരിക്ക്, രണ്ട് എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്‌തു
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം സൈദുലാജാബിൽ നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണം ആറായി. തകർന്ന അവിശിഷ്ടങ്ങൾക്കിടയിൽ നിന്ന് പത്തു പേരെ രക്ഷിച്ചു. രവി (24),കപിൽ (28),നളിൻ റേ (23),അലോക്,പാർവതി (35), ഏക്‌ത (24) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രണ്ട് എം.സി.ഡി എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്‌തു.
കോച്ചിംഗ് സെന്ററും ഒരു ഹോട്ടലുമടക്കം സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ശനിയാഴ്‌ച വൈകിട്ട് 7.44നാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായി തകർന്നതിനാൽ രക്ഷാപ്രവർത്തനം സങ്കീർണമായി. സമീപത്തെ ടിൻ ഷെഡിനു മുകളിലേക്കാണ് കെട്ടിടം വീണത്. അവിടെ പ്രവർത്തിച്ചിരുന്ന കാന്റീനിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. കാൻന്റീൻ ഉടമയും മരിച്ചെന്നാണ് വിവരം.
ഡൽഹി ഫയർ സർവീസ്,എൻ.ഡി.ആർ.എഫ്,ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി,മുനിസിപ്പൽ അധികൃതർ തുടങ്ങിയവയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച അർദ്ധരാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെയും തുടർന്നു. പരിക്കേറ്റവരെ എയിംസിൽ പ്രവേശിപ്പിച്ചു. അതിനിടെ,കെട്ടിടം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
മജിസ്ട്രേട്ട് തല
അന്വേഷണം
സംഭവ സ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത മജിസ്ട്രേട്ട് തല അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അപകട സാദ്ധ്യതയുള്ളതും അനധികൃതവുമായ കെട്ടിടങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമുണ്ടായ ഉടൻ ആളപായമില്ലെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനിടെയാണ് ആളുകൾ കുടുങ്ങിയെന്ന് മനസിലായത്. ഇത് പ്രദേശത്ത് സംഘർഷത്തിനിടയാക്കി. മുഖ്യമന്ത്രി എത്തിയപ്പോൾ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു.