ബംഗാളിൽ വീണ്ടും സംഘർഷം, തൃണമൂൽ എം.പി കല്യാൺ ബാനർജിയെ കൈയേറ്റം ചെയ്ത് ആൾക്കൂട്ടം, അഭിഷേകിനെ ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

Monday 01 June 2026 12:52 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിക്ക് പിന്നാലെ എം.പിയും ലോക്സഭാ പാർട്ടി ചീഫ് വിപ്പുമായ കല്യാൺ ബാനർജിക്കു നേരെയും അക്രമം. ഹൂഗ്ളി ജില്ലയിയിൽ ചണ്ഡിതാലയിലെ പൊലീസ് സ്റ്റേഷന് സമീപം ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തെ നടുറോഡിൽ തലക്കടിച്ച് വീഴ്‌ത്തി.

കല്യാണിന്റെ മണ്ഡലമായ ശ്രീരാംപൂരിന് കീഴിലുള്ള ചാണ്ഡിതാലയിൽ അറസ്റ്റിലായ നേതാക്കളെയും പ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ എത്തിയപ്പോഴാണിത്. 'കള്ളന്മാർ' എന്ന് വിളിച്ച് ബി.ജെ.പി പ്രവർത്തകർ കല്യാണിന്റെയും സംഘത്തിന്റെയും വഴിമുടക്കി. അവരെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കവെ പിന്നിൽ നിന്നാണ് അക്രമണമുണ്ടായത്. അടിയേറ്റ് കല്ല്യാൺ റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

സ്ഥലത്ത് അക്രമം നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹത്തെയും കേന്ദ്രസേനയെയും വിന്യസിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് കല്യാൺ പൊലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരുന്നു. തന്നെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി അപലപിച്ചു.

അതിനിടെ തൃണമൂൽ നേതാക്കൾക്കെതിരായ ആക്രമണം ദേശീയ തലത്തിൽ ഏറ്റെടുക്കാനും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഉന്നയിക്കാനും ഇന്ത്യ സഖ്യം തീരുമാനിച്ചു. അഭിഷേക് ബാനർജിയെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. പ്രതികളിൽ ടി.എം.സി മുൻ എം.എൽ.എയുമായി അടുത്ത ബന്ധമുള്ളവരുമുണ്ടെന്നാണ് റിപ്പോർട്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഭാവി നീക്കങ്ങൾ ചർച്ച ചെയ്യാൻ കൊൽക്കത്ത കാളിഘട്ടിലെ മമതയുടെ വസതിയിൽ വിളിച്ച യോഗം എം.എൽ.എമാർ എത്താത്തതിനാൽ റദ്ദാക്കി.

തൃണമൂലിന്

കൂടുതൽ കുരുക്ക്

പ്രതിപക്ഷ നേതാവിനെ നിർദ്ദേശിച്ച് നിയമസഭയിൽ നൽകിയ കത്തിൽ എം.എൽ.എമാരുടെ വ്യാജ ഒപ്പുകളിട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ അഭിഷേക് ബാനർജിക്ക് നോട്ടീസ്. ഫുട്ബാൾ താരം മെസിയുടെ കൊൽക്കത്ത പരിപാടിയുടെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ കേസെടുത്തു. പരിപാടിയുടെ സംഘാടകർ നൽകിയ പരാതിയിലാണിത്.

ബി.ജെ.പി - നുണ പ്രചരിപ്പിക്കുന്നത് നിറുത്തുക. സാധാരണക്കാർ തൃണമൂൽ നേതാക്കളെ ആക്രമിക്കുന്നില്ല. സുഷ്മിത ദത്ത എന്ന ബി.ജെ.പി പ്രവർത്തക അഭിഷേക് ബാനർജിയെ കല്ലെറിയുന്നത് ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്.

-മഹുവ മൊയ്ത്ര

എം.പി