വേനൽച്ചൂടിന് നല്ലത് നാടൻ പാനീയങ്ങൾ: പ്രധാനമന്ത്രി

Monday 01 June 2026 1:04 AM IST

ന്യൂഡൽഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊടും ചൂടായതിനാൽ ജനങ്ങൾ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ ഉപദേശിച്ചു. ചൂടിനെ ചെറുക്കാൻ മികച്ചത് സ്വന്തം അടുക്കളയിൽ ലഭ്യമായ പാനീയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൂട് കൂടുന്നതിനനുസരിച്ച് അടുക്കളയിലെ രുചികളും മാറും. ചില സ്ഥലങ്ങളിൽ,കൂജയിൽ വെള്ളം,ചിലയിടത്ത് തൈരും പച്ചമാങ്ങ പാനീയവും. വടക്കേ ഇന്ത്യയിൽ പച്ചമാങ്ങയുടെ രുചി പകരുന്ന ‘ആം പന്ന’ ചൂടിന് നല്ലതാണ്. പഞ്ചാബിലും ഹരിയാനയിലും പോകുമ്പോൾ ഒരു വലിയ ഗ്ലാസിൽ ലസ്സി കുടിക്കാം. രാജസ്ഥാനിലും ഗുജറാത്തിലും എല്ലാ ഭക്ഷണത്തിനൊപ്പവും മോര് നിർബന്ധം. ബീഹാർ,ജാർഖണ്ഡ്,കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ലഭിക്കുന്ന സത്ത് സർബത്ത് വയറു നിറയ്‌ക്കാനും ശക്തി ലഭിക്കാനും ഉത്തമം. കൊങ്കണിലും ഗോവയിലും കോകം സർബത്തും സോൾ കഢിയുമാണ് പ്രധാനം. ദക്ഷിണേന്ത്യയിലെ സംഭാരം, ഒഡീഷയിലെ ബേൽ പന തുങ്ങിയവ പാരമ്പര്യങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇവയിൽ മിക്കതും അടുക്കളയിലും കൃഷിയിടങ്ങളിലും കളപ്പുരകളിൽ നിന്നും വന്ന ബ്രാൻഡിംഗ് ഇല്ലാത്ത പാനീയങ്ങളാണെങ്കിലും തലമുറകളുടെ അനുഭവം പേറുന്നു. അതിനാൽ വേനൽക്കാലത്ത് ജനങ്ങൾ ഈ നാടൻ പാനീയങ്ങൾ ആസ്വദിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വേനൽക്കാലത്ത് രാജ്യത്ത് എല്ലാ വീട്ടിലും മാമ്പഴം പതിവ് ചർച്ചാ വിഷയമാണെന്നും മോദി പറഞ്ഞു.