 തമിഴ്നാട്ടിൽ ബസ് തകരാറിലായി മലയാളി യാത്രികർക്ക് സഹായമെത്തിച്ച് ചെന്നിത്തല 

Monday 01 June 2026 1:25 AM IST

തിരുവനന്തപുരം: തമിഴ്നാട്ടിൽ വച്ച് തകരാറിലായ സ്വകാര്യ ബസിലുണ്ടായിരുന്ന മലയാളികൾക്കായി അടിയന്തര നടപടിയെടുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയാണ് ഈറോഡിന് സമീപമെത്തിയപ്പോൾ തകരാറിലായത്. പാരിപ്പള്ളി സ്വദേശി സജീവനും കുടുംബവുമടക്കമുള്ള മലയാളികൾ അപരിചിത സ്ഥലത്ത് കുടുങ്ങി. സജീവൻ ചെന്നിത്തലയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടനെ ചെന്നിത്തല കേരള പൊലീസിന്റെ ഏകോപനത്തോടെ സഹായം ഉറപ്പാക്കി. യാത്ര തുടരാൻ മറ്റൊരു ബസും ഏർപ്പാടാക്കി.

അഴുകിയ മൃതദേഹം കരയ്ക്കടുപ്പിച്ച

സി.പി.ഒയ്ക്ക് അഭിനന്ദനം

മൂന്ന് ദിവസം പഴക്കമുള്ള,​ പൂർണമായും അഴുകിയ മൃതദേഹം കരയ്ക്കടുപ്പിക്കാൻ വോളന്റിയർമാരും നാട്ടുകാരും പ്രയാസപ്പെട്ടു. ഒടുവിൽ കോട്ടയം വാകത്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പ്രതീഷ് പ്രസാദ് കുളത്തിലിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചു. വാർത്തയറിഞ്ഞ ഉടൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വീഡിയോ കോളിൽ വിളിച്ച് പ്രതീഷിനെ അഭിനന്ദിച്ചു. ' അങ്ങേയറ്റം പ്രശംസനീയമായ കാര്യമാണ് ചെയ്തത്. കേരള പൊലീസിന് അഭിമാനമായ പ്രവൃത്തി. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരാണ് സേനയുടെ യശസ്സ് ഉയർത്തുന്നത്. പ്രതീഷിന്റെ സേവനം സർവീസ് റെക്കാഡിൽ രേഖപ്പെടുത്തും." പ്രത്യേക പ്രശംസ നൽകാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.