നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; വീഴ്‌ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി

Thursday 21 May 2026 5:58 PM IST

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്‌ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. എൻടിഎ ഡയറക്‌ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെന്ററി സമിതി ഇന്ന് വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ഉയർന്ന ജനരോഷത്തിന് പിന്നാലെയാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിംഗ് അദ്ധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.

യോഗം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഇതിലാണ് വീഴ്‌ചയുണ്ടായതായി എൻടിഎ സമ്മതിച്ചത്. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താൻ ശ്രമിച്ചെങ്കിലും വീഴ്‌ച വന്നതിൽ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എൻടിഎ സമ്മതിച്ചിട്ടുള്ളത്. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചുവെന്നും എൻടിഎ സമിതിയെ അറിയിച്ചു.

മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് നേരത്തേ എൻടിഎ പരീക്ഷ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്തും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടയ്‌ക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു.