സംശയം തോന്നുന്ന എന്ത് കണ്ടാലും അറിയിക്കണം, യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശം; അട്ടിമറി നീക്കങ്ങളില്‍ അതീവ ജാഗ്രത

Thursday 21 May 2026 8:58 PM IST

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകളിലെ അട്ടിമറി നീക്കങ്ങള്‍ തടയാന്‍ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രെയിനുകള്‍, യാത്രക്കാര്‍, റെയില്‍വേ സ്‌റ്റേഷനുകളും അവയുടെ പരിസരങ്ങളും എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണം. സംശയാസ്പദമായി എന്ത് കണ്ടാലും ഇത് കൃത്യമായി അറിയിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഐ ഡ്രോണുകള്‍, സിസിടിവി ശൃംഖല എന്നിവ കൂടുതല്‍ ശക്തിപ്പെടുത്താനും റെയില്‍വേ തീരുമാനിച്ചു.

റെയില്‍ ഭവനില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് അട്ടിമറി നീക്കങ്ങളെ തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്. അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ യാത്രക്കാരുടെ പങ്ക് വളരെ വലുതാണെന്ന് വിലയിരുത്തിയ യോഗം സംശയാസ്പദമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങളോ വ്യക്തികളെയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 139 എന്ന റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു.

റെയില്‍വേയില്‍ അടുത്തിടെയുണ്ടായ ചില തീപിടിത്തങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ സാമൂഹിക വിരുദ്ധരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. അട്ടിമറി നീക്കങ്ങളുടെ ഭാഗമാണ് ഈ സംഭവങ്ങളെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങളെ ഇന്ത്യന്‍ റെയില്‍വേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. റെയില്‍വേ സുരക്ഷാ സേന ഈ കേസുകള്‍ സജീവമായി അന്വേഷിച്ചു വരികയാണ്. കൃത്യമായ സമയത്ത് റെയില്‍വേ ഇടപെട്ടതുകൊണ്ടാണ് പലയിടങ്ങളിലും വന്‍ അപകടങ്ങള്‍ ഒഴിവായത്.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും റെയില്‍വേ പൊലീസും തമ്മില്‍ സുരക്ഷാ വിവരങ്ങള്‍ വേഗത്തില്‍ പങ്കുവെക്കുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനും സംവിധാനം ഒരുക്കും. സ്റ്റേഷനുകളിലും ട്രെയിനുകളിലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ യാത്രക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.