'എസ്‌ഐആർ നടപ്പിലാക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്, അയോഗ്യരുടെ പേരും നീക്കം ചെയ്യാം'; സുപ്രീം കോടതി

Wednesday 27 May 2026 12:05 PM IST

ന്യൂഡൽഹി: രാജ്യത്ത് എസ്‌ഐആർ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം സുപ്രീം കോടതി ശരിവയ്‌ക്കുകയും ചെയ്‌തു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കാൻ വോട്ടർപട്ടികയുടെ ശുദ്ധീകരണം ആവശ്യമാണ്. അതിനുവേണ്ടി എസ്‌ഐആർ മുന്നോട്ട് കൊണ്ടുപോകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ബീഹാറിൽ എസ്‌ഐആർ നടത്തുന്നതിനായി കഴിഞ്ഞ ജൂണിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്‌ത റിട്ട് ഹർജിയിലാണ് വിധി.

അയോഗ്യരായ പൗരന്മാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പൂർണമായ അവകാശമുണ്ട്. എന്നിരുന്നാലും ഇതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കോടതിക്ക് ഇടപെടാം. പൗരത്വ നിർണയത്തിന് എസ്‌ഐആറുമായി യാതൊരു ബന്ധവുമില്ല. അതിനാൽ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌ത ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ സാധിച്ചാൽ അയാളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനാകും. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.