ക്യാപ്റ്റന്‍ ഷാന്റോയ്ക്ക് സെഞ്ച്വറി; ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച നിലയില്‍

Friday 08 May 2026 7:22 PM IST

ധാക്ക: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച നിലയില്‍. ധാക്കയില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് എന്ന സ്‌കോറിലാണ് ആതിഥേയര്‍. നായകന്‍ നജ്മുല്‍ ഹോസൈന്‍ ഷാന്റോ, മുന്‍ നായകന്‍ മൊമിനുള്‍ ഹഖ് എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് ബംഗ്ലാദേശിന് തുണയായത്.

ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാം 13(30), മഹ്‌മദുള്‍ ഹസന്‍ ജോയ് 8(19) എന്നിവര്‍ ടീം സ്‌കോര്‍ വെറും 31 റണ്‍സ് പിന്നിട്ടപ്പോള്‍ തന്നെ പവിലിയനിലേക്ക് തിരികെയെത്തി. മൂന്നാം വിക്കറ്റില്‍ മൊമിനുള്‍ ഹഖ് 91(200) - നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 101 (130) എന്നിവര്‍ ടീമിനെ മുന്നിലേക്ക് നയിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുള്ള സഖ്യം 170 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് അകലെ പുറത്തായ മൊമിനുള്‍ പത്ത് ബൗണ്ടറികള്‍ പായിച്ചു.

12 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഷാന്റോയുടെ സെഞ്ച്വറി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മുന്‍ നായകന്‍ മുഷ്ഫിഖ്വര്‍ റഹീം 48*(104), ലിറ്റണ്‍ കുമാര്‍ ദാസ് 8*(35) എന്നിവരാണ് ക്രീസിലുള്ളത്. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, നോമാന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ കളിക്കുന്നതിനാണ് പാകിസ്ഥാന്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുള്ളത്.