ഹാർദിക്ക് മാത്രമല്ല; ഐപിഎല്ലിൽ ശ്രദ്ധേയമായത് അഞ്ച് സൂപ്പർ താരങ്ങളുടെ പ്രണയം

Thursday 28 May 2026 4:59 PM IST

മുംബയ് : ഇത്തവണത്തെ ഐപിഎൽ സീസണിൽ ക്രിക്കറ്റ് മൈതാനത്തെക്കാൾ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചത് ചില സൂപ്പർ താരങ്ങളുടെ വ്യക്തിജീവിതവും അവരുടെ പ്രണയവുമാണ്. ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ. ഇഷാൻ കിഷൻ, നേഹൽ വധേര തുടങ്ങി അഞ്ച് താരങ്ങളുടെ മൈതാനത്തിന് പുറത്തുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായത്. ഇതുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ മാദ്ധ്യമങ്ങളിൽ സജീവമാകുന്നതിനിടെ, അച്ചടക്ക നടപടികളുമായി ബി.സി.സി.ഐ രംഗത്തെത്തിയതും ശ്രദ്ധേയമായി. സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനുമതിയില്ലാത്ത വ്യക്തികൾ ടീം ബസുകളിലും ഹോട്ടൽ മുറികളിലും പ്രവേശിക്കുന്നതിനെതിരെ ബിസിസിഐ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

ഹാർദിക് പാണ്ഡ്യ-മഹിത ശർമ്മ

മുംബയ് ഇന്ത്യൻസിന്റെ മോശം പ്രകടനവും ക്യാപ്ടൻസി വിവാദങ്ങളും കാരണം ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട താരമാണ് ഹാർദിക് പാണ്ഡ്യ. എന്നാൽ അതിനേക്കാളേറെ ഹാർദിക് വാർത്തകളിൽ നിറഞ്ഞത് നടി മഹിത ശർമ്മയുമായുള്ള പ്രണയ ഗോസിപ്പുകളിലൂടെയാണ്. അടുത്തിടെ ഒരു ഐ.പി.എൽ മത്സരത്തിന് ശേഷം ഹാർദിക്കിന്റെ മകൻ അഗസ്ത്യയെ ക്യാമറക്കണ്ണുകളിൽ നിന്നും ആരാധകക്കൂട്ടത്തിൽ നിന്നും മഹിത സംരക്ഷിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹാർദിക്കിന്റെ കാമുകിയെന്നാണ് എന്നാണ് മാദ്ധ്യമങ്ങൾ മഹിതയെ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റിലെ ഫോമില്ലായ്മയ്ക്ക് ഒപ്പം താരത്തിന്റെ വ്യക്തിജീവിതവും കൂടിയായപ്പോൾ ചർച്ചകൾക്ക് ചൂടേറി.

അർഷ്ദീപ് സിംഗ് സമ്രീൻ കൗർ

പഞ്ചാബ് കിംഗ്സിന്റെ ലേഡി ലക്കായി മാറിയിരിക്കുകയാണ് സമ്രീൻ കൗർ. ധർമ്മശാലയിൽ നടന്ന പഞ്ചാബ് കിംഗ്സിന്റെ മത്സരത്തിന് മുന്നോടിയായി സമ്രീൻ കൗറിനൊപ്പം അർഷ്ദീപിനെ കണ്ടതാണ് ഗോസിപ്പുകൾക്ക് തുടക്കം. ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞെങ്കിലും, താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ലണ്ടനിലെ തെരുവുകളിലും സ്റ്റേഡിയത്തും ഇരുവരെയും ഒരുമിച്ച് കണ്ടതിന്റെ അടിസ്ഥാനത്തിൽ സമ്രീൻ തന്നെയാണ് അർഷ്ദീപിന്റെ കാമുകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യശസ്വി ജയ്സ്വാൾ-മാഡി ഹാമിൽട്ടൺ

രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിന്റെ പേരിനൊപ്പം ഇപ്പോൾ കേൾക്കുന്ന പേര് മാഡി ഹാമിൽട്ടൺ എന്നാണ്. വിദേശിയായ മാഡി ഐപിഎൽ മത്സരങ്ങൾ കാണാൻ ഗാലറിയിൽ എത്തിയതു മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. എങ്കിലും ഇരുവരും തങ്ങളുടെ പ്രണയം ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല.

ഇഷാൻ കിഷൻ-അദിതി ഹുണ്ടിയ

പട്ടികയിൽ ഉറപ്പിച്ചു പറയാൻ കഴിയുന്ന പ്രണയമാണ് ഇഷാൻ കിഷന്റേതാണ്. അദിതി ഹുണ്ടിയ ഇഷാന്റെ ഗേൾഫ്രണ്ട് ആണെന്ന കാര്യം താരത്തി മുത്തശ്ശൻ തന്നെ മുൻപ് മാദ്ധ്യമങ്ങളോട് സമ്മതിച്ചിട്ടുള്ളതാണ്. ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന ഇഷാന് പൂർണ പിന്തുണയുമായി അദിതി സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ ഹൈദരാബാദ് താരം പ്രഫുൽ ഹിംഗെയുടെ പ്രകടനത്തെ അഭിനന്ദിച്ച് അദിതി പങ്കുവച്ച പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേഹൽ വധേര-കാശ്മീര പർദേശി

പഞ്ചാബ് കിംഗ്‌സിന്റെ മത്സരത്തിനിടെ ഗാലറിയിൽ തരംഗമായി മാറിയ നടിയാണ് കാശ്മീര പർദേശി. കാശ്മീര ഗാലറിയിൽ നിരന്തരം പ്രത്യക്ഷപ്പെട്ടതോടെ നടി പഞ്ചാബ് താരം നേഹൽ വധേരയുമായി പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. സിനിമാ നടി കൂടിയായതിനാൽ കാശ്മീരയുടെ സാന്നിദ്ധ്യം വാർത്തകൾക്ക് കൂടുതൽ വേഗത കൂട്ടി. എന്നാൽ യൂട്യൂബ് ചാനലുകളിലും സിനിമാ പോർട്ടലുകളിലും ഇരുവരുടെയും പ്രണയം വെറും ഗോസിപ്പ് മാത്രമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവർക്കുമിടയിൽ പ്രണയമുണ്ടോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വിഷയത്തിൽ കർശന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. കളിക്കാരുടെ വ്യക്തിജീവിതം അവരുടെ സ്വാതന്ത്ര്യമാണെങ്കിലും, അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ആരും ടീം ഹോട്ടലുകളിലോ, ബസുകളിലോ, കളിക്കാരുടെ മുറികളിലോ പ്രവേശിക്കാൻ പാടില്ലെന്നായിരുന്നു ബിസിസിഐയുടെ നിർദ്ദേശം.