
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണായക പോരാട്ടത്തിൽ 33 പന്തിൽ നിന്ന് പുറത്താകാതെ 93 റൺസ് വാരിക്കൂട്ടി രജത് പടിദാർ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഐ.പി.എൽ ഫൈനലിലേക്ക് നയിച്ചിരിക്കുകയാണ്. അഞ്ച് ഫോറുകളും ഒമ്പത് പടുകൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു പടിദാറിന്റെ ഇന്നിംഗ്‌സ്. ഇൻഡോറിലെ കോടികളുടെ കുടുംബ ബിസിനസ് ഒരിക്കൽ വേണ്ടെന്ന് വച്ച് ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തപ്പോൾ രജത് പടിദാർ ലക്ഷ്യമിട്ടത് ഇങ്ങനെയൊരു സുവർണ നിമിഷമായിരുന്നു.
ഒരു കാലത്ത് ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാതിരുന്ന താരമായിരുന്നു പടിദാർ. മുൻപ് മുംബയ് ഇന്ത്യൻസ് അദ്ദേഹത്തെ ലേലത്തിൽ എടുക്കാതെ അൺസോൾഡ് ആയി തഴഞ്ഞിരുന്നു. കരിയറിൽ വലിയൊരു തിരിച്ചടിയായി മാറിയേക്കാമായിരുന്ന ആ അവഗണനയിൽ നിന്നും കഠിനാധ്വാനം കൊണ്ട് പൊരുതിക്കയറിയാണ് പടിദാർ ഇന്ന് ആർസിബിയുടെ ബാറ്റിംഗ് നട്ടെല്ലായി മാറിയിരിക്കുന്നത്.
2022-ലെ ഐപിഎൽ സീസണിൽ ആർസിബിയുടെ ലവണീത് സിസിന് പരിക്കേൽക്കുകയും ഇതിനെത്തുടർന്ന് പകരക്കാരനായി ആർസിബി പടിദാറിനെ ടീമിലെടുക്കുകയുമായിരുന്നു. എന്നാൽ തുടക്കത്തിൽ ടീമിലെ മുഖ്യ താരങ്ങൾക്കിടയിൽ പടിദാറിന് നെറ്റ്സിൽ പോലും സബ്സ്റ്റിറ്റ്യൂട്ട് ആയി ഇരിക്കേണ്ടി വന്നു. അങ്ങനെ തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ടീമിൽ ഇടം ലഭിച്ച പടിദാർ തന്റെ യഥാർത്ഥ കഴിവ് പുറത്തെടുത്തത് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള നിർണായക മത്സരത്തിലാണ്.
സൂപ്പർ താരങ്ങളായ കൊഹ്ലിയും ഡുപ്ലെസിസും മാക്സ്‌വെല്ലും പരാജയപ്പെട്ട അന്ന്, ആരും പ്രതീക്ഷിക്കാതെ ക്രീസിലെത്തിയ പടിദാർ അടിച്ചുകൂട്ടിയത് 54 പന്തിൽ 112 റൺസ്. ഐപിഎൽ പ്ലേഓഫ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ അൺകാപ്പ്ഡ് താരമെന്ന റെക്കാർഡും അന്ന് പടിദാർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണിൽ തന്റെ ക്യാപ്ടൻസിയിൽ ആർസിബിക്ക് ടീമിന്റെ ആദ്യ കിരീടം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കായി ഭോപ്പാലിലായിരുന്ന പടിദാറിന്റെ പിതാവ് മനോഹർ മകന്റെ പ്രകടനത്തെ ഏറെ അഭിമാനത്തോടെയാണ് വീക്ഷിച്ചത്. സെഞ്ച്വറിക്ക് വെറും ഏഴ് റൺസ് അകലെ കളി അവസാനിച്ചതിൽ യാതൊരു വിഷമവുമില്ലെന്ന് താരത്തിന്റെ പിതാവ് പറഞ്ഞു. 'അവന്റെ സെഞ്ച്വറിയേക്കാൾ ഞങ്ങൾക്ക് വലുത് ടീമിന്റെ വിജയമായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബ പശ്ചാത്തലമായിരുന്നിട്ടും സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് ക്രിക്കറ്റ് തിരഞ്ഞെടുത്തയാളാണ് അവൻ. അതിലൊരിക്കലും ഞങ്ങൾ തടസം നിന്നിട്ടില്ല.'- പിതാവ് മനോഹർ പറഞ്ഞു.
പടിദാറിന്റെ 33-ാം ജന്മദിനത്തിന് തൊട്ടുതലേന്നായിരിക്കും ഐ.പി.എൽ ഫൈനൽ നടക്കുക. ഫൈനലിൽ ടീം കിരീടം ചൂടിയാൽ അത് ജന്മദിനത്തിനുള്ള ഏറ്റവും വലിയ സമ്മാനം കൂടിയായിരിക്കുമെന്നും പിതാവ് കൂട്ടിച്ചേർത്തു. അതേസമയം, പടിദാറിന്റെ ഭാര്യ ഗുഞ്ചൻ അടുത്തിടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതിനാൽ കുടുംബാംഗങ്ങൾ ഫൈനൽ മത്സരം നേരിട്ട് കാണാൻ സ്റ്റേഡിയത്തിൽ എത്തില്ല. കുഞ്ഞിന്റെ പേരിടൽ ചടങ്ങുകൾ ഉടൻ നടക്കുമെന്നും കുടുംബം അറിയിച്ചു. അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ആർസിബി കിരീടം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |