കൂറ്റന്‍ തോല്‍വി വഴങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; പ്ലേഓഫ് കാണാതെ പുറത്തായി
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങി ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ ചെന്നൈ പുറത്ത്. 230 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ മറുപടി 13.4 ഓവറില്‍ 140 റണ്‍സില്‍ അവസാനിച്ചു. 89 റണ്‍സിനാണ് ഗുജറാത്തിന്റെ ജയം. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് മത്സരങ്ങള്‍ വിജയിച്ച ചെന്നൈക്ക് 12 പോയിന്റ് മാത്രമാണുള്ളത്. മറുവശത്ത് 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായി 0(1). മാത്യു ഷോര്‍ട്ട് 24(14), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 16(7) എന്നിവരും പെട്ടെന്ന് പുറത്തായി. ഉര്‍വില്‍ പട്ടേലും 0(2) തിളങ്ങാതെ വന്നതോടെ ചെന്നൈ മുന്‍നിര തകര്‍ന്നു. കാര്‍ത്തിക് ശര്‍മ്മ 19(15), ഡിവാള്‍ഡ് ബ്രെവിസ് 8(10) റണ്‍സ് വീതം നേടി. 17 പന്തുകളില്‍ 47 റണ്‍സെടുത്ത ശിവം ദൂബെ മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ചുനിന്നത്. നാല് വീതം ബൗണ്ടറികളും സിക്‌സറുകളും നേടിയാണ് താരം പുറത്തായത്.
അന്‍ഷുല്‍ കാംബോജ് 19(8), നൂര്‍ അഹമ്മദ് 1(5), സ്‌പെന്‍സര്‍ ജോണ്‍സന്‍ 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മുകേഷ് ചൗധരി 2*(2) പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍മാരും വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുമാണ് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ 84(53) ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 64(37) സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 12.2 ഓവറില്‍ 125 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്ന് സിക്സറും ഏഴ് ബൗണ്ടറിയും ഉള്‍പ്പടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. സുദര്‍ശന്‍ ഏഴ് ബൗണ്ടറിയും നാല് സിക്സറുകളും പായിച്ചു. മൂന്നാമനായി എത്തിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. അഞ്ച് ബൗണ്ടറിയും നാല് സിക്സറുകളും ഉള്‍പ്പെടെ 27 പന്തുകളില്‍ നിന്ന് 57 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു.