ലക്‌നൗവിനെ തകർത്ത് പഞ്ചാബ് കിംഗ്‌സ്; ആറാം തോൽവിക്ക് ശേഷം ഉജ്ജ്വല തിരിച്ചുവരവ്, പ്ലേഓഫ് സാദ്ധ്യത നിലനിർത്തി
ലക്‌നൗ: ഐപിഎല്ലിൽ തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം ഉജ്ജ്വല തിരിച്ചുവരവുമായി പഞ്ചാബ് കിംഗ്‌സ്. മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് തകർത്തത്. ഈ വിജയത്തോടെ പ്ലേഓഫ് യോഗ്യത പൂർണമായി ഉറപ്പാക്കാനായിട്ടില്ലെങ്കിലും സാദ്ധ്യതകൾ സജീവമായി നിലനിർത്താൻ പഞ്ചാബ് പടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ പഞ്ചാബിന്റെ സമ്പൂർണ ആധിപത്യമാണ് ഏകാന സ്റ്റേഡിയത്തിൽ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിനെ മാർക്കോ ജാൻസൻ, യുസ്വേന്ദ്ര ചഹൽ എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് (രണ്ട് വിക്കറ്റ് വീതം) നിയന്ത്രിച്ചു നിർത്തിയത്. ജോഷ് ഇംഗ്ലിസിന്റെ കരുത്തിൽ 72 (44) ലക്‌നൗ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.
മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി പ്രഭ്സിമ്രാൻ സിംഗ് 69 (39) റൺസെടുത്ത് മികച്ച തുടക്കം നൽകി. പിന്നാലെയെത്തിയ ക്യാപ്‌ടൻ ശ്രേയസ് അയ്യർ ലക്‌നൗ ബൗളിംഗ് നിരയെ പിടിച്ചുകെട്ടി. 51 പന്തിൽ 101 റൺസ് നേടി ഐപിഎല്ലിലെ തന്റെ കന്നി സെഞ്ച്വറി തികച്ച ശ്രേയസ്, 19ാം ഓവറിൽ തന്നെ പഞ്ചാബിന് ഉജ്ജ്വല വിജയം സമ്മാനിച്ചു. ലക്‌നൗവിനെതിരെയുള്ള വിജയത്തോടെ പഞ്ചാബ് കിംഗ്‌സ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ 15 പോയിന്റോടെ പൂർത്തിയാക്കി. ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകൾ 18 പോയിന്റോടെ ഇതിനകം തന്നെ പ്ലേഓഫിൽ കടന്നിട്ടുണ്ട്. നാലാം സ്ഥാനക്കാരായി ആര് പ്ലേഓഫിൽ കയറുമെന്നത് ഇനി ഇന്ന് നടക്കുന്ന രണ്ട് നിർണായക മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും.
പഞ്ചാബിന് പ്ലേഓഫിൽ കയറണമെങ്കിൽ രാജസ്ഥാൻ റോയൽസിനെ മുംബയ് ഇന്ത്യൻസ് തോൽപ്പിക്കണം. നിലവിൽ രാജസ്ഥാന് 14 പോയിന്റാണുള്ളത്. ഞായറാഴ്ചത്തെ മത്സരത്തിൽ രാജസ്ഥാൻ ജയിച്ചാൽ അവർ 16 പോയിന്റോടെ നാലാം സ്ഥാനക്കാരായി നേരിട്ട് പ്ലേഓഫിലെത്തും. പഞ്ചാബ് പുറത്താകും. എന്നാൽ മുംബയ് ജയിച്ചാൽ രാജസ്ഥാൻ 14 പോയിന്റിൽ ഒതുങ്ങും ഇത് പഞ്ചാബിന് തുണയാകും. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ജയിക്കുകയാണെങ്കിൽ കൊൽക്കത്ത 13 പോയിന്റിലും ഡൽഹി 14 പോയിന്റിലും നിൽക്കും. അങ്ങനെയെങ്കിൽ 15 പോയിന്റുള്ള പഞ്ചാബിന് സുഖമായി പ്ലേഓഫിലേക്ക് യോഗ്യത നേടാം. ഒരുവേള കൊൽക്കത്തയാണ് ജയിക്കുന്നതെങ്കിൽ അവർക്കും പഞ്ചാബിനൊപ്പം 15 പോയിന്റാകും. അപ്പോൾ റൺ റേറ്റ് അടിസ്ഥാനമാക്കിയാകും പ്ലേഓഫ് നിശ്ചയിക്കുക. നിലവിൽ റൺ റേറ്റിൽ കൊൽക്കത്തയേക്കാൾ ഏറെ മുന്നിലാണ് പഞ്ചാബ് . അതിനാൽ കൊൽക്കത്ത വളരെ വലിയൊരു മാർജിനിൽ ജയിക്കാതിരുന്നാൽ പഞ്ചാബ് കിംഗ്‌സിന് പ്ലേഓഫിലേക്ക് മുന്നേറാം.