നാലാമനായി ഇറക്കിയില്ല, ബാറ്റിംഗിനിറങ്ങിയപ്പോൾ പൂജ്യത്തിന് പുറത്ത്, മെന്റർ സഹീർ ഖാനോട് ചൂടായി പന്ത്
ലക്‌നൗ: ഐപിഎൽ മത്സരത്തിനിടെ ടീം മെന്ററായ സഹീർ ഖാനോട് ദേഷ്യപ്പെട്ട് സംസാരിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. കഴിഞ്ഞദിവസം ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിൽ ബാറ്റിംഗ് സമയത്താണ് സംഭവം. ഡഗ്‌ഔട്ടിൽ ബാറ്റിംഗിന് തയ്യാറായിരിക്കുന്ന പന്ത് സഹീറിന്റെ തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന വീഡിയോ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.
ബാറ്റിംഗിനിറങ്ങും മുൻപും ശേഷവും പന്ത് സഹീർ ഖാനോട് ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്. തന്റെ സ്ഥിരം പൊസിഷനായ നാലാമത് ഇറങ്ങാനാകാത്തതിന്റെ അസംതൃപ്‌തി പന്ത് സഹീറിനോട് പ്രകടിപ്പിച്ചതാകുമെന്ന് മുൻ ഇന്ത്യൻതാരം സുരേഷ് റെയ്‌ന പറഞ്ഞു.
നാലാമത് പന്തിന് പകരം അബ്‌ദുൾ സമദിനെയാണ് ഇറക്കിയത്. എട്ട് പന്തുകൾ നേരിട്ടെങ്കിലും സമദ് രണ്ട് റൺസ് നേടി പുറത്തായി. ഏഴാമനായി ബാറ്റിംഗ് തീരാൻ രണ്ട് പന്തുകൾ മാത്രം ശേഷിക്കെ ഇറങ്ങിയ ഋഷഭ് പന്ത് റണ്ണൊന്നും നേടാതെ മുകേഷ് കുമാറിന്റെ പന്തിൽ ബൗൾഡായി. ഇതോടെയാണ് തിരികെവന്നിട്ടും സഹീറുമായി ക്യാപ്റ്റൻ തർക്കിച്ചത്.
ഡൽഹിയും ലക്‌നൗവും തമ്മിൽ ഈ സീസണിൽ രണ്ടാമത് ഏറ്റുമുട്ടലാണിത്. ആദ്യ മത്സരത്തിലെ പോലെ ലക്‌നൗ രണ്ടാം മത്സരത്തിലും തോറ്റു. 160 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ഡൽഹി മറികടന്നു. ഓപ്പണർ അഭിഷേക് പോറൽ (51), കെ എൽ രാഹുൽ (പുറത്താകാതെ 57), നായകൻ അക്‌സർ പട്ടേൽ (പുറത്താകാതെ 34) എന്നിവരാണ് ലക്‌നൗ ബൗളിംഗിനെ തകർത്തത്.
embarassing from pant 🤢 https://t.co/pSTn3lkScf pic.twitter.com/snbPkwAIwl
— sᴜɢᴀʀ (@Sugar_Sai_Gill) April 22, 2025