ഇന്ത്യൻ വംശജരുടേയും ലോകകപ്പ്
ഇന്ത്യൻ വംശജരായ താരങ്ങളുമായി ന്യൂസിലാൻഡും ഖത്തറും ഫിഫ ലോകകപ്പിന്
ഇന്ത്യയ്ക്ക് കളിക്കാനാകില്ലെങ്കിലും അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിൽ ഇന്ത്യൻ വംശജരുണ്ടാകും. ഇതിനകം 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച ന്യൂസിലാൻഡും 34അംഗ ടീമിനെ പ്രഖ്യാപിച്ച ഖത്തറും ഇന്ത്യൻ വംശജരായ താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മലയാളിയടക്കം രണ്ടുപേരാണ് ഖത്തറിന്റെ സംഘത്തിലുള്ളത്.
കിവീസിന്റെ സർപ്രീത് സിംഗ്
16 വർഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ ന്യൂസിലാൻഡ് ഫുട്ബാൾ ടീമിലെ ഇന്ത്യൻ വംശജനാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ സർപ്രീത് സിംഗ്. ഓക്ലാൻഡിലാണ് ജനനമെങ്കിലും സർപ്രീതിന്റെമാതാപിതാക്കൾ ഇന്ത്യക്കാരാണ്. ഇന്ത്യൻ ഫുട്ബാൾ ടീമിൽ കളിക്കാനും യോഗ്യനാണെങ്കിലും ന്യൂസിലാൻഡിനായി കളിക്കാനാണ് സർപ്രീത് തീരുമാനിച്ചത്. 2018ലാണ് സർപ്രീത് ന്യൂസിലാൻഡ് കുപ്പായത്തിൽ അരങ്ങേറിയത്. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനായി 2018 സീസണിൽ കളിച്ചിട്ടുണ്ട്. പോർച്ചുഗൽ , ജർമ്മനി,സൈബീരിയ തുടങ്ങിയ ഇടങ്ങളിലെ ക്ളബുകൾക്കായി കളിച്ചിട്ടുള്ള സർപ്രീത് ഇപ്പോൾ വെല്ലിംഗ്ടണിലെ നിക്സ് ക്ളബിന്റെ താരമാണ്.
26 മത്സരങ്ങൾ ന്യൂസിലാൻഡിനായി കളിച്ച സർപ്രീത് മൂന്നു ഗോളുകൾ നേടുകയും ഏഴെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. 2018ൽ മുംബയ്യിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയയ്ക്ക് എതിരെയായിരുന്നു ആദ്യ ഗോൾ. 2025ൽ ഫിഫ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിൽ ഫിജിക്ക് എതിരെയാണ് അവസാനമായി ഗോൾ നേടിയത്.
ഖത്തറിനായി തഹ്സിനും
നിയാൽ മേസണും
കണ്ണൂരുകാരായ മാതാപിതാക്കളുടെ 18കാരനായ മകൻ തഹ്സിൻ അഹമ്മദിനെക്കൂടാതെ ഒരു ഇന്ത്യൻ വംശജൻ കൂടി ഖത്തർ ടീമിലുണ്ട്.ഇംഗ്ളണ്ടിലെ ബ്രൈറ്റണിൽ ജനിച്ച നിയാൽ മേസൺ. നിയാലിന്റെ അമ്മ ഇന്ത്യക്കാരിയാണ്. റയൽ മാഡ്രിഡ്, സതാംപ്ടൺ,ആസ്റ്റൺ വില്ല തുടങ്ങിയ ക്ളബുകളുടെ യൂത്ത് അക്കാഡമികളിൽ പരിശീലനം നേടിയ താരമാണ് നിയാൽ. ഈ വർഷം മാർച്ചിലാണ് ഖത്തർ ദേശീയ ടീമിലേക്ക് നിയാലിന് വിളി വരുന്നത്. ഇതുവരെ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിനുള്ള 26 അംഗ ടീം പ്രഖ്യാപിക്കുമ്പോൾ കോച്ച് ലെപ്തേഗുയി അവസരം നൽകുമോ എന്നാണ് അറിയേണ്ടത്.
തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ താരവുമായ ജംഷീദിന്റെയും ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. ഖത്തറിൽ ചീഫ് അക്കൗണ്ടന്റാണ് ജംഷീദ്. തഹ്സിൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ ഇടം ലഭിച്ചു. 17–ാം വയസിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈലിലെത്തി. സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്സിൻ. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ഖത്തറിന്റെ സീനിയർ കുപ്പായത്തിൽ അരങ്ങേറിയത്.