ദേ,'ലെവൻ' പോകുന്നു

Saturday 16 May 2026 11:55 PM IST

റോബർട്ട് ലെവൻഡോവ്‌സ്കി ബാഴ്സലോണ വിടുന്നു

ബാഴ്സലോണ : പോളണ്ടുകാരനായ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്കി നാലുസീസണുകൾക്ക് ശേഷം സ്പാനിഷ് ക്ളബ് ബാഴ്സലോണ വിടുന്നു. ഇന്നലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 37കാരനായ താരം തീരുമാനമറിയിച്ചത്. ഇന്ന് റയൽ ബെറ്റിസിനെതിരെ നടക്കുന്ന മത്സരത്തിലാണ് താൻ അവസാനമായി ബാഴ്സയുടെ കുപ്പായത്തിൽ ഇറങ്ങുന്നതെന്നും ലെവൻഡോവ്സ്കി അറിയിച്ചിട്ടുണ്ട്.തന്റെ പുതിയ തട്ടകം ഏതെന്ന് താരം വെളിപ്പെട‌ുത്തിയിട്ടില്ല.

നാലുസീസണുകളിൽ നിന്ന് മൂന്ന് ലാ ലിഗ കിരീടങ്ങൾ നേടി അഭിമാനത്തോടെയാണ് താൻ ക്ളബ് വിടുന്നതെന്ന് ലെവൻഡോവ്സ്കി കുറിച്ചു. ഈ സീസണിലേതുൾപ്പടെയാണ് മൂന്ന് ലാ ലിഗ കിരീടങ്ങൾ. മൂന്ന് സ്പാനിഷ് സൂപ്പർകോപ്പ, ഒരു കിംഗ്സ് കപ്പ് കിരീടനേട്ടങ്ങളിലും താരത്തിന്റെ 'കാലൊപ്പ് " പതിഞ്ഞു.

2022ൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിൽ നിന്ന് 53 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ലെവൻഡോവ്സ്കി ബാഴ്സയിലെത്തിയത്. ലയണൽ മെസി ക്ളബ് വിട്ടതിന് ശേഷം തകർന്ന് തരിപ്പണമായിരുന്ന ബാഴ്സയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് ലെവൻഡോവ്സ്കി.

191 മത്സരങ്ങളിൽ ബാഴ്സയുടെ കുപ്പായമണിഞ്ഞ ലെവൻഡോവ്സ്കി 119 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസൺ ലാ ലിഗയിൽ മാത്രം 18 ഗോളുകൾ നേടി.