മെസിയുടെ പരിക്കിൽ അർജന്റീന ആശങ്കയിൽ

Tuesday 26 May 2026 4:04 AM IST

മയാമി: ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇതിഹാസ താരം ലയണൽ മെസിയുടെ പരിക്കിൽ ലോക ചാമ്പ്യൻമാരായ അർജന്റീന ടീമും ലോകമെമ്പാടുമുള്ള ആരാധകരും ആശങ്കയിൽ.മേജർ സോക്കർ ലീഗിൽ കഴിഞ്ഞ ദിവസം ഇന്റർ മയാമിയുടെ മത്സരം പൂർത്തിയാക്കാതെ മെസി മടങ്ങിയതാണ് ആശങ്കകൾക്ക് അടിസ്ഥാനം. ഫിലാഡൽഫിയയ്‌ക്ക് എതിരായ മത്സരത്തിനിടെ 73-ാംമിനിട്ടിൽ ഫ്രീകിക്കിന് പിന്നാലെ സ്ബ്‌സ്റ്റിറ്ര്യൂഷൻ ആവശ്യപ്പെട്ട് തിരിച്ചു കയറിയ മെസി നേരേ ഡ്രസിംഗ് റൂമിലേക്കാണ് പോയത്. ഇടത്തേ കാലിന്റെ തുടഞരമ്പിൽ പരിക്കുണ്ടെന്നാണ് അഭ്യൂഹം. എന്നാൽ മുൻകരുതലിന്റെ ഭാഗമായാണ് മെസി തിരിച്ചു പോയതെന്നാണ് ഒടുവിൽ വന്ന റിപ്പോർട്ട്. മെസിയെ ടീമിന്റെ മെഡിക്കൽ സംഘം പരിശോധിക്കും എന്ന് മാത്രമാണ് മയാമി ഔദ്യോഗികമായി അറിയിച്ചത്.

മത്സരത്തിൽ മയാമി 6-4ന് ഫിലാഡൽഫിയയെ കീഴടക്കി. ലോകകപ്പിനുള്ള അർജന്റീന ടീമിനെ ഉടൻ പ്രഖ്യാപിക്കാനിരിക്കെയാണ് മമെസിയുടെ പരിക്കുമായി ബന്ധപ്പെട്ട ആശങ്ക ഉയരുന്നത്.