ലോകകപ്പ് കാണാം സീ നെറ്റ്‌വർക്കിൽ
ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സീ നെറ്റ്‌വർക്കിന്റെ പുതിയ നാലു ചാനലുകളിൽ
ന്യൂഡൽഹി : ഈമാസം 11മുതൽ ജൂലായ് 19വരെ അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കി സീ ചാനൽ നെറ്റ്‌വർക്ക്. ഇന്ത്യൻ സമയം പുലർച്ചെയും രാവിലെയുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫിഫ ആവശ്യപ്പെട്ട തുകയ്ക്ക് ഏറ്റെടുക്കാൻ നേരത്തേ ചാനലുകൾ വിസമ്മതിച്ചത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. തുടർന്ന് തുകയിൽ കുറവ് വരുത്തിയതോടെയാണ് സീ നെറ്റ്‌വർക്ക് രംഗത്തെത്തിയത്.
സീ നെറ്റ്‌വർക്ക് പുതിയതായി തുടങ്ങിയ നാലു ചാനലുകളിലൂടെയാണ് ലോകകപ്പ് കാണാൻ കഴിയുക. യുണൈറ്റഡ് 8 എന്നാണ് ഈ ചാനലുകൾക്ക് പേരിട്ടിരിക്കുന്നത്. മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ഒ.ടി.ടി പ്ളാറ്റ്ഫോമായ സീ ഫൈവിലൂടെയാകും നടത്തുക. കരാർ തുക ഫിഫയും സീ നെറ്റ്‌വർക്കും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 320 കോടി രൂപയോളമാണെന്ന് റിപ്പോർട്ടുകളുണ്ട്.
പങ്കടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 32ൽ നിന്ന് 48ലേക്ക് ഉയർത്തിയ ശേഷമുള്ള ആദ്യ ലോകകപ്പാണിത്.ലോകകപ്പിന് മൂന്ന് രാജ്യങ്ങൾ ആതിഥ്യം വഹിക്കുന്നതും ആദ്യമായാണ്. ജൂൺ 11ന് അർദ്ധരാത്രി മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്.
48 ടീമുകൾ
യൂറോപ്യൻ മേഖലയിൽ നിന്ന് 16 ടീമുകൾ, ആഫ്രിക്കൻ മേഖലയിൽ നിന്ന് 10 ടീമുകൾ, ഏഷ്യൻ മേഖലയിൽ നിന്ന് 9 ടീമുകൾ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ആറ് ടീമുകൾ വീതം,ഓഷ്യാനിയയിൽ നിന്ന് ഒരു ടീം എന്നിങ്ങനെയാണ് 48 ടീമുകളെ ലോകകപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിന്റെ പ്രാതിനിധ്യം 13ൽ നിന്ന് 16ലേക്ക് ഉയർന്നപ്പോൾ ഏഷ്യയിലെ ആറുടീമുകൾ ഒൻപതായി ഉയർന്നു. ആഫ്രിക്കയ്ക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത്. അഞ്ചു ടീമുകളിൽ നിന്ന് 10ആയി മാറി.തെക്കേ അമേരിക്കയ്ക്ക് കഴിഞ്ഞ തവണയും ആറു ടീമുകളുണ്ടായിരുന്നു. വടക്കേ അമേരിക്കയ്ക്ക് രണ്ടുടീമുകൾ കൂടി ലഭിച്ചു.
ഓസ്ട്രിയ, ബെൽജിയം,ബോസ്നിയ ആൻഡ് ഹെഴ്സഗോവിന,ക്രൊയേഷ്യ, ചെക് റിപ്പ്ളബിക്,ഇംഗ്ളണ്ട്,ഫ്രാൻസ്,ജർമ്മനി,നെതർലാൻഡ്സ്, നോർവേ,പോർച്ചുഗൽ,സ്കോട്ട്‌ലാൻഡ്,സ്പെയ്ൻ,സ്വീഡൻ,സ്വിറ്റ്സർലാൻഡ്,തുർക്കി എന്നിവരാണ് ഈ ലോകകപ്പിലെ യൂറോപ്യൻ ടീമുകൾ.ആഫ്രിക്കയിൽ നിന്ന് അൾജീരിയ, കേപ്പ് ഡി വെർദേ,കോംഗോ,ഈജിപ്ത്,ഘാന , ഐവറി കോസ്റ്റ്,മൊറോക്കോ,സെനഗൽ,ദക്ഷിണാഫ്രിക്ക,ടുണീഷ്യ എന്നീ ടീമുകളും ഏഷ്യൻ കോൺഫെഡറേഷനിൽ നിന്ന് ഓസ്ട്രേലിയ,ഇറാൻ,ഇറാക്ക്,ജപ്പാൻ,ജോർദാൻ,ഖത്തർ,സൗദി അറേബ്യ,ദക്ഷിണകൊറിയ,ഉസ്ബക്കിസ്ഥാൻ ടീമുകളാണുള്ളത്.ഓഷ്യാനിയയിൽ നിന്ന് ന്യൂസിലാൻഡ് എത്തും. അർജന്റീന,ബ്രസീൽ,കൊളംബിയ ,ഇക്വഡോർ, പരാഗ്വേ,ഉറുഗ്വേ എന്നീ ടീമുകളാണ് തെക്കേ അമേരിക്കയിൽ നിന്നുള്ളത്. വടക്കേ അമേരിക്കയിൽ നിന്ന് കാനഡ, കുറസാവോ,മെക്സിക്കോ, ഹെയ്തി,പനാമ, യു.എസ്. ടീമുകളുണ്ടാവും.