ഹമാസ് നഗ്നയാക്കി ട്രക്കിൽ കൊണ്ടുപോയ യുവതിയുടെ മൃതദേഹം കണ്ടെത്തി; സ്ഥിരീകരിച്ച്  ഇസ്രയേൽ

Monday 30 October 2023 8:48 PM IST

ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഹമാസ് നഗ്നയാക്കി ട്രക്കിൽ കൊണ്ടുപോയ ജർമൻ യുവതി മരിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ. ഷാനി ലൂക്ക് (23) എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹം ഗാസയിൽ ഇസ്രയേൽ സെെന്യം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ഏറെ സങ്കടത്തോടെയാണ് ഷാനിയുടെ മരണവാർത്തയറിയിക്കുന്നതെന്ന് യുവതിയുടെ സഹോദരി ആഥി ലൂക്ക് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഷാനി ലൂക്കിനെ ബന്ദിയാക്കുന്നത്. യുവതിയെ നഗ്നയാക്കിയ നിലയിൽ ട്രക്കിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവർക്ക് നേരെ ഹമാസിന്റെ ആക്രമണമുണ്ടായത്.

യുവതിയെ കാണാതായതിന് ശേഷം ഷാനിയുടെ അമ്മ അവരെ തിരികെ ലഭിക്കാൻ ജർമ്മൻ, ഇസ്രയേൽ സർക്കാരുകളോട് നടത്തിയ അഭ്യ‌‌ർത്ഥന സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. യുവതി കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇത് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മരണവിവരം സർക്കാരും കുടുംബവും സ്ഥിരീകരിച്ചിരിക്കുകയാണ്.

അതേസമയം, ഹമാസിനെതിരെയുള്ള പോരാട്ടത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുദ്ധക്കളമായി മാറി വടക്കൻ ഗാസ. ശനിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ 450ലേറെ ഹമാസ് കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു. നിരവധി ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടു. ഗാസയിൽ തുടരുന്ന സൈനികരുടെ എണ്ണം ഇസ്രയേൽ ഉയർത്തി.

വടക്കൻ മേഖലകളിൽ ഇസ്രയേൽ കരസേനയും ടാങ്കുകളും യുദ്ധവിമാനങ്ങളും ശക്തമായ ആക്രമണങ്ങൾ തുടരുന്നതിനിടെ മദ്ധ്യ, തെക്കൻ മേഖലകളിലെ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് ജനക്കൂട്ടം ഇരച്ചുകയറിയത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. നിരവധി വിതരണ, സംഭരണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് പേർ കടന്നുകയറി ധാന്യമാവുകളും മറ്റും കൊണ്ടുപോയി. ഗാസയിലെ സാമൂഹ്യഘടന തകർന്നുതുടങ്ങിയതിന്റെ ആശങ്കാജനകമായ അടയാളമാണിതെന്ന് യു.എൻ അഭയാർത്ഥി ഏജൻസി പറഞ്ഞു.