അമ്മയും മകനും ഇനി ബ്രിട്ടണിലെ മേയർമാർ: അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജർ

Monday 25 May 2026 10:30 AM IST

ലണ്ടൻ: ഹരിയാനയിലെ റോഹ്‌തകിൽ നിന്നുള്ള ഇന്ത്യൻ വംശജരായ അമ്മയും മകനും ബ്രിട്ടനിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിമൂന്നുകാരനായ തുഷാർ കുമാർ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയറായാണ് ചരിത്രം കുറിച്ചത്. തൊട്ടടുത്ത ആഴ്ച അദ്ദേഹത്തിന്റെ അമ്മ പർവീൺ റാണി ഹെർട്ട്‌സ്മിയർ ബറോ കൗൺസിലിന്റെ മേയറുമായി. മേയ് 13നാണ് തുഷാർ മേയറായി തിരഞ്ഞെടുക്കപ്പെട്ടത് പർവീൺ മേയ് 20നും.

ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ തുഷാർ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2013-ൽ ഹരിയാനയിൽ നിന്നും യുകെയ്ക്ക് കുടിയേറിയതാണ് ഈ കുടുംബം. 2023-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇരുവരും ലേബർ പാർട്ടി കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പ്രവർത്തനത്തിലും യുകെയിൽ ഹിന്ദി ഭാഷ സൗജന്യമായി പഠിപ്പിക്കുന്നതിലും ഇവർ ഏറെ ശ്രദ്ധേയരാണ്.