യു.എസിനെ വിമർശിച്ച് പുട്ടിനും ഷീയും

Thursday 21 May 2026 7:18 AM IST

ബീജിംഗ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ഗോൾഡൻ ഡോം" മിസൈൽ പ്രതിരോധ സംവിധാന പദ്ധതിയെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും. പദ്ധതി ആഗോള സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ചൈനയിലെത്തിയ പുട്ടിൻ ഇന്നലെ ഷീയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് യു.എസിന്റെ സൈനിക നടപടികളെ അടക്കം വിമർശിച്ചത്.

യു.എസിന്റെ ആണവ നയം ഉത്തരവാദിത്വമില്ലാത്തതാണെന്നും കുറ്റപ്പെടുത്തി. സ്വന്തം സൈനിക, പ്രതിരോധ ശേഷികൾ ഏകോപിപ്പിക്കുമെന്നും ഇരുനേതാക്കൾ പറഞ്ഞു. അതേ സമയം, ട്രംപ് ചൈന സന്ദർശിച്ച് ഒരാഴ്ച തികയും മുന്നേയാണ് പുട്ടിന്റെ വരവെന്നത് ശ്രദ്ധേയമാണ്.

സാങ്കേതികവിദ്യ, വ്യാപാരം, കൃഷി, എ.ഐ തുടങ്ങി വിവിധ മേഖലകളിലായി 20ലേറെ കരാറുകളിൽ പുട്ടിൻ-ഷീ കൂടിക്കാഴ്ചയ്ക്കിടെ ഒപ്പിട്ടു. പടിഞ്ഞാറൻ സൈബീരിയയിലെ അൽതായ് മേഖലയിൽ നിന്ന് വടക്കുകിഴക്കൻ ചൈനയിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള പൈപ്പ് ലൈനും ചർച്ച ചെയ്തു. 2006ൽ മുന്നോട്ടുവച്ച പദ്ധതി ഇതുവരെ യാഥാർത്ഥ്യമാക്കിയിട്ടില്ല. ചൊവ്വാഴ്ച രാത്രി ബീജിംഗിലെത്തിയ പുട്ടിൻ ഇന്നലെ രാത്രി റഷ്യയിലേക്ക് മടങ്ങി.

അതേ സമയം, ശത്രുക്കളിൽ നിന്ന് അമേരിക്കയ്ക്ക് മീതെ സുരക്ഷാ കവചം തീർക്കാനുള്ള ഗോൾഡൻ ഡോം പദ്ധതി മേയിലാണ് ട്രംപ് പ്രഖ്യാപിച്ചത്. 175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ അധിഷ്ഠിത സെൻസറുകളും ഇന്റർസെപ്റ്ററുകളും ഉൾക്കൊള്ളുന്ന ഗോൾഡൻ ഡോമിന് ലോകത്തിന്റെ ഏതു കോണിൽ നിന്നോ ബഹിരാകാശത്ത് നിന്നോ വരുന്ന ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് മിസൈലുകളെ തടയാൻ സാധിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.