മ്യാൻമറിൽ സ്‌ഫോടനം: 55 മരണം
Monday 01 June 2026 7:50 AM IST
നെയ്‌പിഡോ: മ്യാൻമറിലെ ഷാൻ സ്റ്റേറ്റിൽ ഖനന, ക്വാറി പ്രവർത്തനങ്ങൾക്കുള്ള സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉഗ്ര സ്ഫോടനം. 55 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാംകാം ടൗൺഷിപ്പിലെ കൗങ്ങ് തട്ട് ഗ്രാമത്തിലായിരുന്നു സംഭവം. സമീപത്തെ നൂറിലേറെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശം വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. ആഭ്യന്തര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ കെട്ടിടത്തിലെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്ന് വിമത ഗ്രൂപ്പുകളും സ്വതന്ത്ര സംഘടനകളും പിന്നീട് സ്ഥിരീകരിച്ചു. പൊട്ടിത്തെറിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.