ഇന്ത്യ-യു.എസ് വാണിജ്യ കരാർ: ഡൽഹിയിൽ ഇന്നുമുതൽ ചർച്ച
ന്യൂഡൽഹി: ഫെബ്രുവരിയിൽ അംഗീകരിച്ച ഇടക്കാല വ്യാപാര കരാറിന്റെ വിശദാംശങ്ങൾ അന്തിമമാക്കാനുള്ള ഇന്ത്യ - യു.എസ് ചർച്ച ഇന്ന് ഡൽഹിയിൽ തുടങ്ങും. ഇന്ത്യൻ സംഘത്തെ വാണിജ്യ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ദർപ്പൺ ജെയിനും യു.എസ് സംഘത്തെ ബ്രെൻഡൻ ലിഞ്ചും നയിക്കും.
ഫെബ്രുവരി 7നാണ് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബി.ടി.എ) ആദ്യ ഘട്ടത്തിന്റെ ചട്ടക്കൂട് അന്തിമമാക്കുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഇന്ത്യയ്‌ക്ക് ഏർപ്പെടുത്തിയ തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ യു.എസ് സമ്മതിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള 25 ശതമാനം തീരുവ നീക്കം ചെയ്യുകയും ബാക്കി 25 ശതമാനം 18 ലേക്ക് താഴ്‌ത്തുകയുമായിരുന്നു. യു.എസിന്റെ ഭക്ഷ്യ-കാർഷിക-വ്യാവസായിക ഉത്പന്നങ്ങൾ, പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ തുടങ്ങിയവയ്‌ക്ക് തീരുവ ഒഴിവാക്കാനോ കുറയ്ക്കാനോ ഇന്ത്യ സമ്മതിച്ചിരുന്നു.
എന്നാൽ അതിന് ശേഷം ഫെബ്രുവരി 20ന് ട്രംപ് ഭരണകൂടത്തിന്റെ പരസ്പര തീരുവകൾ റദ്ദാക്കാൻ യു.എസ് സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് കരാർ അന്തിമമാക്കാനുള്ള ചർച്ച മാറ്റിവയ്ക്കുകയായിരുന്നു. കോടതി വിധി പ്രകാരം തീരുവ ഘടന മാറിയത് കരാറിന്റെ ചട്ടക്കൂടിലും പ്രതിഫലിച്ചേക്കാം.