തൊഴിലുറപ്പ് കൂലി കുടിശ്ശികയായി, മേയറുടെ ഓഫീസ് ഉപരോധിച്ചു
സമരക്കാരും പൊലീസും തമ്മിൽ സംഘർഷം
കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ കുടിശ്ശികയുള്ള 25 ദിവസത്തെ ശമ്പളവും ആനുകൂല്ല്യങ്ങളും ആറ് മാസമായി നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മേയറുടെ ഓഫീസ് ഉപരോധിക്കുകയും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 11.30നാണ് സംഭവം. ശക്തികുളങ്ങര രണ്ടാം ഡിവിഷനിൽ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളി സന്ധ്യ ബിജുവിന്റെ നേതൃത്വത്തിൽ 11സ്ത്രീകളാണ് പ്രതിഷേധവുമായി ഓഫീസിലെത്തിയത്. ഡിവിഷനിലെ 36 തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാനുണ്ട്. 2022-23 സാമ്പത്തിക വർഷം100 പ്രവൃത്തി ദിവസം പൂർത്തീകരിച്ചവർക്ക് ശമ്പളവും ഓണം ബോണസായ 1000 രൂപയും ലഭിച്ചില്ലെന്നാണ് പരാതി. ഉത്രാടദിവസം വൈകിട്ട് ശമ്പളം അക്കൗണ്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ലഭിച്ചില്ല. 25 ദിവസത്തെ തുകയായ 7900 രൂപ കൂടാതെ ജൂലായ് 31 മുതൽ ആഗസ്റ്റ് 10 വരെയുള്ള 11 ദിവസത്തെ തുകയായ 3,476 രൂപയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുടശ്ശിക ലഭിക്കാതെ ഇനി ജോലിക്ക് ഇറങ്ങില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. മേയർ സമരക്കാരുമായി സംസാരിച്ചെങ്കിലും ഓഫീസിന് മുൻവശം സംഘർഷഭരിതമായി.
പണം എന്ന് നൽകുമെന്ന് വ്യക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഓഫീസിനു മുന്നിൽ തൊഴിലാളികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മറ്റൊരു വാതിലിലൂടെ മേയർ പുറത്തുപോയി. ഇതോടെ, മേയർ ഉറപ്പ് നൽകാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് സമരക്കാർ നിലപാടെടുത്തു. ഡിവിഷൻ കൗൺസിലറോട് പലതവണ ശമ്പള കുടിശ്ശികയെക്കുറിച്ച് പറഞ്ഞെങ്കിലും കൗൺസിലിൽ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. മേയറുടെ ഓഫീസിന് മുന്നിലെ സമരം അരമണിക്കൂറിലേറെ നീണ്ടതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി വനിതാ പൊലീസിന്റെ സഹായത്തോടെ പ്രതിഷേധക്കാരെ വലിച്ചിഴച്ചും ബലംപ്രയോഗിച്ചും താഴെയിറക്കി.
തുടർന്ന് തൊഴിലാളികൾ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടെനിന്നു സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റി. ഇതേസമയം സമരക്കാർക്ക് പിന്തുണയുമായെത്തിയ മുൻ കൗൺസിലറും കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റുമായ ഡി.ഗീതാകൃഷ്ണനെയും വലിച്ചിഴച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് എസ്.ഐ. ദിബിൻ മോശമായി പെരുമാറിയെന്ന് സമരക്കാർ ആരോപിച്ചു. പൊലീസ് വാഹനത്തിലും തൊഴിലാളികൾ മുദ്രാവാക്യമുയർത്തി. ഈസ്റ്റ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് വിട്ടയച്ചു. സ്‌റ്റേഷനിലെത്തിച്ച സമയം സമരക്കാരിൽ രണ്ട് സ്ത്രീകൾ ബോധരഹിതരായി. ഗീതാകൃഷ്ണനെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നു. ഡിവിഷൻ കൗൺസിലറുമായി ആലോചിച്ച ശേഷം തുടർനടപടികൾ ആരംഭിക്കുമെന്ന് സമരം ചെയ്ത തൊഴിലുറപ്പ് തൊഴിലുറപ്പ് തൊഴിലാളികൾ അറിയിച്ചു.
പ്രതിഷേധിച്ച് കോൺഗ്രസ്
കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആറ് മാസമായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസിനെ ഉപയോഗിച്ച് കൈയ്യേറ്റം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ച മേയർ പ്രസന്ന ഏണസ്റ്റിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. തൊഴിലാളികൾക്ക് പിന്തുണയുമായി എത്തിയ കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ജില്ലാപൊലീസ് മേധാവി കർശന നടപടി സ്വീകരിക്കണം. ഇന്നെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് കോൺഗ്രസ് നീങ്ങുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
വിഷയം പരിശോധിക്കും
ഫണ്ട് വരുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് വേതനം നൽകുന്നുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു.
രണ്ടാം ഡിവിഷനിലെ തൊഴിലാളികൾക്ക് മാത്രം എന്തുകൊണ്ട് വേതനവും ബോണസും വൈകുന്നുവെന്നത് പരിശോധിക്കുമെന്നും അടുത്ത തവണ ഫണ്ട് അനുവദിക്കുമ്പോൾ ഇവർക്ക് മുൻഗണന നൽകുമെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.