കെെയിൽ ഈ രേഖയുണ്ടോ? എന്നാൽ വിധിതന്നെ മാറാൻ സമയമായി
കെെയിലെ രേഖകൾ, നിറം എന്നിവ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തെയും ഭാവിയെയും കുറിച്ച് പറയുന്നതാണ് ഹസ്തരേഖാ ശാസ്ത്രം. ഈ ശാസ്ത്രം ഭാരതത്തിൽ നിന്നും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നാണ് വിശ്വാസം. നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചെറിയൊരു സൂചനയും ഹസ്തരേഖാ ശാസ്ത്രത്തിലൂടെ ലഭിക്കും. വിദ്യാഭ്യാസ രേഖ, വിവാഹ രേഖ, ജീവിതരേഖ, വിധി രേഖ, ഹൃദയരേഖ എന്നിങ്ങനെ കെെയിലെ രേഖകളെ തിരിച്ചിരിക്കുന്നു.
ഒരാളുടെ ഭാഗ്യം, തൊഴിൽ, ജീവിതലക്ഷ്യം എന്നിവയെ സൂചിപ്പിക്കുന്ന പ്രധാന രേഖയാണ് വിധി രേഖ. ഭാഗ്യരേഖയെന്നും ഇതിന് പറയുന്നു. കെെപ്പത്തിയിൽ നടുവിരലിന് താഴെയുള്ള ഭാഗത്തേക്ക് ലംബമായി നീളുന്ന രേഖയാണിത്. വ്യക്തവും ആഴമേറിയതുമായ വിധിരേഖ കെെയിലുള്ളവർ ഭാഗ്യവാന്മാരായി കണക്കാക്കുന്നു. ഇത്തരക്കാർക്ക് പണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. കൂടാതെ ആ വ്യക്തി ഭാവിയിൽ നല്ല പുരോഗതി കെെവരിക്കുമെന്നും പറയപ്പെടുന്നു.
നമ്മുടെ കയ്യിലെ മറ്റൊരു പ്രധാനപ്പെട്ട രേഖയാണ് ഹൃദയരേഖ. ചെറുവിരലിന് താഴെ ഏകദേശം കെെവെള്ളയുടെ മദ്ധ്യത്തിലൂടെ ചൂണ്ടുവിരലിന്റെ ഭാഗത്തേയ്ക്ക് പോകുന്ന രേഖയാണിത്. നിങ്ങളുടെ ഹൃദയരേഖ ഉയർന്നാണ് നിൽക്കുന്നതെങ്കിൽ സാമൂഹ്യമായി ഇടപഴകുന്ന ഒരാളെന്ന് പറയപ്പെടുന്നു. കൂടാതെ ഇക്കൂട്ടർ കൂട്ടുകാരെ കണ്ടെത്താൻ താൽപര്യപ്പെടുന്നവരായിരിക്കും. എന്നാൽ ഈ രേഖ കീഴോട്ടുപോകുന്നുവെങ്കിൽ വിവാഹം, പ്രണയകാര്യങ്ങളിൽ കൃത്യമായി തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്നർത്ഥം. ഇവർ പങ്കാളിയെ കണ്ടെത്താൻ വെെകും.