
ഷിംല: ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്കും അദ്ധ്യാപകനുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസെടുത്ത് പൊലീസ്. ഹിമാചൽപ്രദേശിലെ ധരംശാലയിലാണ് സംഭവം. മരണത്തിന് മുൻപായി അതിക്രമങ്ങൾ വിവരിച്ച് യുവതി സ്വന്തം ഫോണിൽ വീഡിയോ റെക്കാഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ധരംശാലയിലെ സർക്കാർ കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് അതിക്രമത്തിനിരിയായത്. കഴിഞ്ഞ സെപ്തംബർ 18ന് മകളെ ഹർഷിത, ആകൃതി, കൊമലിക എന്നീ വിദ്യാർത്ഥിനികൾ റാഗിംഗിന്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചതായി വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. കോളേജിലെ പ്രൊഫസറായ അശോക് കുമാറും വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനിയുടെ ആരോഗ്യനില മോശമായി.
തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ലുധിയാനയിലെ ഡിഎംസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഡിസംബർ 26നാണ് വിദ്യാർത്ഥിനി മരണപ്പെട്ടത്. മകളുടെ മരണത്തിന്റെ ഞെട്ടലിലായതിനാലാണ് നേരത്തെ പരാതി നൽകാൻ സാധിക്കാത്തതെന്നും വിദ്യാർത്ഥിനിയുടെ കുടുംബം പറഞ്ഞു. മകളുടെ മൊബൈലിൽ വീഡിയോ കണ്ടതിനുശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും അതിക്രമം പുറത്തുപറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി വീഡിയോയിലുണ്ടെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, വിദ്യാർത്ഥിനി ഒന്നാംവർഷ പരീക്ഷയിൽ പരാജയപ്പെട്ടുവെന്നും എന്നിട്ടും രണ്ടാംവർഷത്തേയ്ക്ക് അഡ്‌മിഷൻ തേടിയെന്നുമാണ് കോളേജ് അധികൃതർ ആരോപിക്കുന്നത്. വിദ്യാർത്ഥിനി മുൻപ് പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ രാകേഷ് പതാനിയയും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |