
ന്യൂഡൽഹി: സ്വന്തം അമ്മയെയും രണ്ട് സഹോദരങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യശ്ബീർ സിംഗ് (25) ആണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. അമ്മ കവിത (46), സഹോദരങ്ങളായ മേഘ്ന (24), മുകുൾ (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അന്നു തന്നെ പ്രതിയായ യശ്ബീർ ലക്ഷ്മി നഗർ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു.
യമുനാ തീരത്തുനിന്ന് ശേഖരിച്ച ഉമ്മത്തിന്റെ വിത്തുകൾ മാവിലും പഞ്ചസാരയിലും കലർത്തി ലഡു ഉണ്ടാക്കി വീട്ടുകാർക്ക് നൽകുകയായിരുന്നു. ലഡു കഴിച്ചു ബോധരഹിതരായ മൂവരെയും ഷോൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും രണ്ടിനും ഇടയിലാണ് കൃത്യം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന യശ്ബീർ കഴിഞ്ഞ ആറുമാസമായി തൊഴിൽരഹിതനായിരുന്നു. ഇത് വലിയ സാമ്പത്തിക പ്രയാസങ്ങൾക്കിടയാക്കി. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് പിതാവ് ഹരിയാനയിൽ ഒറ്റയ്ക്കാണ് താമസം. തന്റെ പേരിൽ 1.5 കോടിയുടെ ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായും, കഴിഞ്ഞ രണ്ട് മാസത്തിനിടെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചും മറ്റും 45 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പ്രതി പൊലീസിനോട് മൊഴി നൽകി.
'നീ മരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം കുടുംബത്തിലുള്ളവരെയെല്ലാം കൊന്നിട്ട് ബാക്കിയുള്ളതൊക്കെ നേരിടൂ' എന്ന് അമ്മ തർക്കത്തിനിടെ പറഞ്ഞതാണ് പ്രതിയെ കൊലപാതകത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യശ്ബീർ ഒഴികെ കൊല്ലപ്പെട്ടവരെല്ലാവരും ദൈവവിശ്വാസികളായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ദിവസവും പുലർച്ചെയും വൈകുന്നേരവും ഇവർ അടുത്തുളള ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയച്ചു. ഫൊറൻസിക് വിദഗ്‌ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതി നൽകുന്ന മൊഴികൾ പൊലീസ് പൂർണ്ണമായും വിശ്വസത്തിലെടുത്തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണത്തിലും സമയത്തിലും കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |